കോട്ടയം: രണ്ടാം പ്രളയവും മണ്ണിന്റെ ലവണാംശത്തിൽ വ്യതിയാനം വരുത്തിയപ്പോൾ അധിക വളപ്രയോഗം നടത്താൻ പാങ്ങില്ലാതെ നട്ടം തിരിയുകയാണ് ജില്ലയിലെ കർഷകർ. ലവണാംശത്തിലെ കുറവ് പരിഹരിക്കാൻ അധിക വളപ്രയോഗം നടത്തണമെങ്കിലും വളത്തിന്റെ വിലയിൽ കാര്യമായ കുറവില്ലാത്തതാണ് വില്ലനാകുന്നത്. പ്രളയാനന്തരം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ മണ്ണ് പരിശോധിച്ചപ്പോഴാണ് പൊട്ടാസ്യം അടക്കമുള്ള മൂലകങ്ങൾ നഷ്ടപ്പെട്ടതായി തെളിഞ്ഞത്.

വിത്ത് ക്ഷാമം മൂലം നെൽ കൃഷി ഉപേക്ഷിക്കാൻ അപ്പർകുട്ടനാട്ടിലെ കർഷകർ തീരുമാനിച്ചിരുന്നെങ്കിലും കഴിഞ്ഞമാസം അവസാനം കൃഷിവകുപ്പ് വിത്ത് എത്തിച്ചിരുന്നു. ഉഴുത് മറിച്ച് വിത്ത് വിതച്ചപ്പോഴാണ് മികച്ച വിളവിന് അധിക വളപ്രയോഗം വേണമെന്ന് വ്യക്തമായത്. നഷ്ടപ്പെട്ട മൂലകങ്ങൾ വളപ്രയോഗത്തിലൂടെ മാത്രമേ തിരിച്ചുപിടിക്കാൻ കഴിയൂവെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നത്.

 ഇപ്പോഴത്തെ വില

ബ്രാക്കറ്റിൽ മുൻ വർഷത്തെ വില,

(50 കിലോ ചാക്ക്)

ഫാക്ടംഫോസ് : 1000 രൂപ (790)

പൊട്ടാഷ് : 950 രൂപ (670)

അമോണിയം ഫോസ്‌ഫേറ്റ്- 1200 (1290)

'' തൊഴിലാളികളെ കിട്ടാനില്ലാത്തതും വളത്തിന്റെ വിലവർദ്ധനവുമാണ് പ്രധാന പ്രതിസന്ധി. അധിക വളപ്രയോഗം നടത്തിയില്ലെങ്കിൽ വിളവ് കുറയുമെന്ന് ഉറപ്പാണ്. പക്ഷേ, പണമില്ലാതെ എന്തു ചെയ്യും? നെല്ലിന് സർക്കാർ വില വർദ്ധിപ്പിച്ചാലും വളംവിലയുമായി തട്ടിച്ചുനോക്കുമ്പോൾ നഷ്ടമാണ്''

മുരളി, നെൽകർഷകൻ ആർപ്പൂക്കര

'' വിലക്കൂടുതൽ താങ്ങാൻ കഴിയാതെ കർഷകർ വളപ്രയോഗത്തിലും കുറവ് വരുത്തുകയാണ്. ഏജൻസികൾക്ക് കൂടുതൽ സ്റ്റോക്ക് ചെയ്യാനും കഴിയില്ല. ''

സി.എം മത്തായി, അഗ്രാ ഇൻപുട്ട് ഡീലേഴ്‌സ് അസോ.