എലിക്കുളം : ഭഗവതിക്ഷേത്രത്തിൽ മുപ്പതാംകളം ഉത്സവത്തിലെ പ്രധാന ചടങ്ങുകൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. വൃശ്ചികം 1 ന് തുടങ്ങിയ കളമെഴുത്തുംപാട്ടും മുപ്പതാംകളം ഉത്സവത്തോടെയാണ് സമാപിക്കുന്നത്. ഇന്ന് രാത്രി 7.15ന് നെടുംകുന്നം യോഗ ക്ലബ് അവതരിപ്പിക്കുന്ന യോഗ ഫ്രീ ഫ്ലോ ഡാൻസ് നടക്കും. നാളെ രാവിലെ 9 ന് കലശാഭിഷേകം. തന്ത്രി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി പെരികമന ഇല്ലം വിഷ്ണു നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. രാത്രി 8 ന് ദേവായനം നൃത്തനാടകം. തിങ്കളാഴ്ച രാവിലെ 8.30 ന് കാഴ്ചശ്രീബലി, തൊടുപുഴ മനോജ്, മായാ മനോജ് എന്നിവരുടെ നാദസ്വരക്കച്ചേരിയും ആനിക്കാട് കൃഷ്ണകുമാറും സംഘവും അവതരിപ്പിക്കുന്ന ചെണ്ടമേളവുമുണ്ട്. 4 ന് കാഴ്ചശ്രീബലി. മഞ്ചക്കുഴി കാണിക്കമണ്ഡപത്തിലേക്ക് എഴുന്നള്ളിപ്പും താലപ്പൊലിയോടെ തിരിച്ചെഴുന്നള്ളിപ്പും നടത്തും. 5 ന് ഉദയനാപുരം ഹരിയുടെ നേതൃത്വത്തിൽ മേജർസെറ്റ് പഞ്ചവാദ്യം, 7.30ന് ചൊവ്വല്ലൂർ മോഹനവാര്യരുടെ നേതൃത്വത്തിൽ പാണ്ടിമേളം, 12 ന് കുരുതി.
ചൊവ്വാഴ്ച വൈകിട്ട് 6.30 ന് ശാസ്താനടയിൽ ശാസ്താംപാട്ട് നടത്തും. കളംകാഴ്ച, വിളക്കിനെഴുന്നള്ളിപ്പ്, പള്ളിനായാട്ട് എന്നിവയുമുണ്ട്. മുപ്പതാംകളം ഉത്സവത്തിന് ശ്രീബലിയിലും കാഴ്ചശ്രീബലിയിലും ഗജരാജൻ പാമ്പാടി രാജൻ തിടമ്പേറ്റും. തോട്ടുചാലിൽ ബോലോനാഥ്, കുന്നത്തൂർ രാമു, ഈരാറ്റുപേട്ട അയ്യപ്പൻ, മധുരപ്പുറം കണ്ണൻ, കാഞ്ഞിരക്കാട്ട് ശേഖരൻ, മുള്ളത്ത് ഗണപതി എന്നീ ആനകളും എഴുന്നള്ളത്തിലുണ്ടാവും.