പാലാ : പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങൾ വിശദമായ കർമ്മപദ്ധതി തയ്യാറാക്കണമെന്ന് മന്ത്രി എ.സി.മൊയ്തീൻ നിർദേശിച്ചു. മീനച്ചിൽ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി തയ്യാറാക്കേണ്ടത്. വാർഷിക പദ്ധതിയിൽ പ്രളയ ദുരിതാശ്വാസ പദ്ധതി കൂടി ഉൾപ്പെടുത്തണം. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ കുറവു വരുത്തില്ല. വികസന മേഖലയിൽ സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷനായി. ജോസ് കെ. മാണി എം.പി ഫ്രണ്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ എം.പി. അജിത് കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ, ജില്ലാ പഞ്ചായത്തംഗങ്ങളായ പെണ്ണമ്മ തോമസ്, ബെറ്റി റോയി, ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കൂട്ടം, മീനച്ചിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു പൂവേലിൽ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി ബിജോയി,സ്വാഗതവും സെക്രട്ടറി എം.സുശീൽ നന്ദിയും പറഞ്ഞു.