പാലാ : കർഷകക്ഷേമത്തിനും കാർഷികമേഖലയുടെ ഉന്നതിക്കുമായി നിലകൊണ്ട ഏക രാഷ്ട്രീയ കക്ഷി എന്ന നിലയിൽ, സംസ്ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭങ്ങൾക്ക് കേരള കോൺഗ്രസ് (എം) പൂർണപിന്തുണ നൽകുമെന്ന് ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. കേരള കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകക്ഷേമം ഉറപ്പുവരുത്താൻ പട്ടയവും, കർഷകപെൻഷനും, കർഷകതൊഴിലാളി പെൻഷനും, റബർ വിലസ്ഥിരതാ ഫണ്ടും, പമ്പിംഗ് സബ്‌സിഡിയും, താങ്ങുവിലയും, നടപ്പാക്കിയത് കെ.എം.മാണിയാണ്. റബറിന് 150 രൂപ ബഡ്ജറ്റിലൂടെ വർഷങ്ങൾക്ക് മുമ്പ് ഉറപ്പാക്കിയെങ്കിലും അതിൽ നിന്നു ഒരു രൂപ പോലും വർദ്ധിപ്പിക്കാൻ പിന്നീട് കഴിഞ്ഞിട്ടില്ല. മാറി മാറി വന്ന ഗവൺമെന്റുകളുടെ അന്താരാഷ്ട്ര കരാറുകളും കർഷകവിരുദ്ധ നയങ്ങളുമാണ് കാർഷിക മേഖലയുടെ തകർച്ചയ്ക്കും വികസന മുരടിപ്പിനും കാരണമെന്നും അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം പ്രസിഡന്റ് ഫിലിപ്പ് കുഴികുളം അദ്ധ്യക്ഷത വഹിച്ചു.