പാലാ : കാർഷികരംഗം നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങൾക്കു പരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാലാ രൂപത ഇന്ന് പാലായിൽ കർഷകമഹാസംഗമം നടത്തും. രൂപതയുടെ 170 ഇടവകകളിൽ നിന്നും വൈദികരുടെയും വിവിധ സംഘടനാ ഭാരവാഹികളുടെയും നേതൃത്വത്തിൽ പാലായിൽ എത്തിച്ചേരുന്ന ഒരുലക്ഷം കർഷകർ ടൗണിന്റെ അഞ്ചു കേന്ദ്രങ്ങളിലായി സംഗമിച്ച് കർഷകമതിലുകൾ തീർക്കും. തുടർന്ന് മൂന്നരയ്ക്ക് ടൗൺ കുരിശുപള്ളി ജംഗ്ഷനിൽ ലക്ഷം പേരുടെ കർഷക മഹാസംഗമം നടത്തക്കും. ബിഷപ്പ് മാർ. ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കർഷക ഐക്യദാർഢ്യ പ്രതിജ്ഞയെടുക്കും. രൂപതയ്ക്കുള്ളിലെ നാനാജാതി മതസ്ഥരായ കർഷകർ ഒപ്പിട്ട് ഇടവക ഫൊറോനാതലത്തിൽ സമാഹരിച്ച് മുഖ്യമന്ത്രിക്കു സമർപ്പിക്കേണ്ട ഭീമഹർജികൾ ഫൊറോനാഭാരവാഹികളിൽനിന്ന് ബിഷപ്പ് ഏറ്റുവാങ്ങും. ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ, മോൺ. ജോസഫ് കുഴിഞ്ഞാലിൽ, മോൺ. ജോസഫ് മലേപറമ്പിൽ, മോൺ. എബ്രാഹം കൊല്ലിത്താനത്തുമലയിൽ, മോൺ. സെബാസ്റ്റ്യൻ വേത്താനാത്ത്, റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും.