കോട്ടയം: രാജ്യത്തെ ജനങ്ങൾക്കിടയിലുള്ള സാമ്പത്തിക അസമത്വം ആശങ്കാജനകമാണെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. സോഷ്യലിസം തത്വത്തിൽ അംഗീകരിക്കപ്പെട്ട ഭാരതത്തിൽ ഈ അന്തരം ഒട്ടും ഭൂഷണമല്ല. കേരളകൗമുദി കോട്ടയം യൂണിറ്റ് പ്രസിദ്ധീകരിച്ച 'നല്ലമലയാളി' എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സാമൂഹിക അസമത്വത്തിന്റെ കാര്യത്തിൽ കേരളത്തിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. എങ്ങനെയും പണം സമ്പാദിക്കുക, അത് ഏത് വിധത്തിലും ധൂർത്തടിക്കുക എന്ന ചിന്താഗതി മയക്കുമരുന്ന്, കള്ളക്കടത്ത് പോലുള്ള അസാന്മാർഗിക പ്രവർത്തനങ്ങൾക്ക് ശക്തിപകരുന്നതാണ്. 74 കോടിരൂപ ചെലവഴിച്ച് വീട് നിർമ്മിക്കുന്നവരും കയറിക്കിടക്കാൻ സുരക്ഷിതമായൊരു കൂരയില്ലാത്തവരും കേരളത്തിലുണ്ട്. സർക്കാർ നിയന്ത്രിത സംവിധാനങ്ങളുടെ വിതരണത്തിലും ഇതേ അന്തരമുണ്ട്. ജല അതോറിട്ടിയുടെ കുടിവെള്ള വിതരണം എത്താത്ത 27 പഞ്ചായത്തുകൾ ഇന്നും കേരളത്തിലുണ്ട്. 86 ലക്ഷം വീടുകളിൽ 20 ലക്ഷത്തിന് മാത്രമാണ് പൈപ്പുലൈൻവഴി നേരിട്ട് കുടിവെള്ളം ലഭിക്കുന്നത്. 22 ലക്ഷം ഏക്കർ കൃഷിഭൂമിയിൽ ജലസേചന സൗകര്യമുള്ളത് വെറും 3 ലക്ഷം ഏക്കറിൽ മാത്രമാണ്. ഇത്തരം കാര്യങ്ങളാണ് സമൂഹം കൂടുതലായി ചർച്ചചെയ്യേണ്ടത്.
സമൂഹ്യ അനീതിക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന കേരളകൗമുദിക്ക് ഇത്തരം കാര്യങ്ങളിൽ കൂടുതൽ ഇടപെടൽ നടത്താനാകും. മുല്ലപ്പെരിയാൽ വിഷയത്തിൽ സംസ്ഥാനത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിന് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന പോരാട്ടത്തിൽ കേരളകൗമുദി മുൻപന്തിയിൽ നിന്ന പത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. 'നല്ലമലയാളി' എഡിറ്റോറിയൽ കോ-ഓർഡിനേറ്റർ എം. സത്യജിത്ത് പ്രസംഗിച്ചു. കേരളകൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ സ്വാഗതവും ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ നന്ദിയും പറഞ്ഞു. കോട്ടയത്തിന്റെ സാമൂഹ്യസാംസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായ പി.യു. തോമസ്, ഡോ. എൻ. രാധാകൃഷ്ണൻ, എം.മധു, മധുദേവാനന്ദ തിരുമേനി, പി.എം. പ്രസന്നകുമാർ, വി.ആർ. വിനോദ് എന്നിവർക്ക് നല്ലമലയാളി പുരസ്കാരം നൽകി ആദരിച്ചു.