കുറവിലങ്ങാട് : ഒരു മാസം മുമ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലത്ത് അനധികൃതമായി പാറ പൊട്ടിക്കുന്നതിനിടെ രണ്ട് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സ്ഥലം ഉടമയ്ക്കും കരാറുകാരനുമെതിരെ കേസെടുത്തു. സ്ഥലം ഉടമ കുറവിലങ്ങാട് പാട്ടു പാറയിൽ ജോൺസൻ , കരാറുകാരൻ തെള്ളകം പെരിമണ്ണിക്കാല ബേബി ലൂക്കോസ് എന്നിവർക്കെതിരെയാണ് കുറവിലങ്ങാട് പൊലീസ് കേസ് എടുത്തത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ എ.ഡി.എം അലക്സ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പരിശോധന നടത്തി. ഇവിടെ നിന്ന് വൻതോതിൽ കരിങ്കല്ല് വില്പന നടത്തിയതായി പരിശോധനയിൽ കണ്ടെത്തി. കംപ്രസർ ഉപയോഗിച്ച് പാറ തുളച്ച് കെമിക്കൽ ഉപയോഗിച്ച് പാറ പൊട്ടിക്കുന്നതിനോടൊപ്പം വൈദ്യുതി ഉപയോഗിച്ച് സ്‌ഫോടനം നടത്തിയിരുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് എക്സ്‌പ്ലോസീവ് ആക്ട് പ്രകാരം കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ഹിറ്റാച്ചി, കംപ്രസറുകൾ, ജനറേറ്റർ എന്നിവയും പിടിച്ചെടുത്തു. സ്ഥലത്ത് പൊലീസ് കാവലും ഏർപ്പെടുത്തി. എ.ഡി.എമ്മിനൊപ്പം ജില്ലാ സീനിയർ ജിയോളജിസ്റ്റ് രാമൻനമ്പൂതിരി , കളക്ടറുടെ പരിശോധനാ വിഭാഗം മേധാവി ശ്രീലത , മൈനിഗ് റവന്യൂ ഇൻസ്പെക്ടർ സതീഷ് ചന്ദ്രൻ ,ഡെപ്യൂട്ടി തഹസിൽദാർ ഷൈനി തോമസ് , താലൂക്ക് സർവേയർ, വില്ലേജ് ഓഫീസർ എന്നിവരുമുണ്ടായിരുന്നു.
നിയമം കാറ്റിൽപ്പറത്തി
പ്രദേശത്ത് പാറഘനനം നടത്തുന്നതിനോ മണ്ണ് എടുക്കുന്നതിനോ യാതൊരു വിധ അനുമതിയും വാങ്ങിയിരുന്നില്ല. കഴിഞ്ഞ ഒരു വർഷക്കാലമായി ഇവിടെ പാറ പൊട്ടിക്കുന്ന വിവരം വില്ലേജ് ഓഫീസറും പൊലീസും ജിയോളജി വകുപ്പിനെ അറിയിച്ചിരുന്നില്ല. ഒരു മാസം മുമ്പ് നാട്ടുകാർ തഹസിൽദാർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫീസർ സ്റ്റോപ്പ്മെമ്മോ നൽകിയത്. എന്നാൽ സ്ഥലം ഉടമയും കരാറുകാരനും ഇതൊന്നും മാനിക്കാതെ പാറ പൊട്ടിച്ച് കച്ചവടം നടത്തി വരികയായിരുന്നു.