കുമളി: ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിൽ നിന്നുള്ള കിഴക്കൻമേഖല ശിവഗിരി തീർത്ഥാടന പദയാത്രയിൽ പങ്കെടുക്കുന്ന ഭക്തരുടെ പഞ്ചശുദ്ധിവ്രതരാംഭം കുറിച്ചുകൊണ്ടുള്ള പീതാംബരദീക്ഷ സമർപ്പണം നാളെ നടക്കും. രാവിലെ 9 ന് ആശ്രമത്തിൽ ഗുരുപൂജ, ശാന്തിഹവനം, 10.30ന് സത്സംഗം എന്നിവയ്ക്ക് ശേഷം 12ന് സ്വാമി ഗുരുപ്രകാശം തീർത്ഥാടകർക്ക് പീതാംബരദീക്ഷ നൽകും. പദയാത്രയിൽ പങ്കെടുക്കുന്ന ഹൈറേഞ്ച് യൂണിയൻ പരിധിയിലുള്ള ഭക്തർക്ക് നാളെ പുലിക്കുന്ന് ഗുരുദേവ ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിലും പീതാംബരദീക്ഷ നൽകും. 21ന് കട്ടപ്പന ഗുരുദേവ കീർത്തിസ്തംഭത്തിൽ നിന്ന് രഥപ്രയാണവും 22 ന് ചക്കുപള്ളം ആശ്രമത്തിൽ നിന്ന് പദയാത്രയും ആരംഭിക്കും. ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെ കടന്നുപോകുന്ന പദയാത്ര 29ന് വൈകിട്ട് 7ന് ശിവഗിരി മഹാസമാധി മന്ദിരത്തിൽ സമാപിക്കും.