കോട്ടയം : മദ്യലഹരിയിൽ ആംബുലൻസ് ഓടിച്ച് അപകടമുണ്ടാക്കിയ മെയിൽ നഴ്സിനെതിരെ പെറ്റിക്കേസ് എടുത്തശേഷം പൊലീസ് വിട്ടയച്ചു. കോട്ടയത്തെ സ്വകാര്യ ആംബുലൻസ് സർവീസിലെ നഴ്സ് ബിജോയ് പി.കുര്യൻ ഓടിച്ച വാഹനമാണ് ഇന്നലെ ഉച്ചയ്ക്ക് 3ന് വാരിശേരിയിൽ അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ ആംബുലൻസ് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയശേഷം നിറുത്താതെ ഓടിച്ചുപോകാൻ ശ്രമിച്ചെങ്കിലും മുൻചക്രം പഞ്ചറായതോടെ 100 മീറ്ററോളം മുന്നോട്ടുപോയി നിന്നു. സ്കൂട്ടറിൽ ഇടിച്ചപ്പോൾ ടയർ പൊട്ടിയാണ് പഞ്ചറായത്. ഇതോടെ സംഭവം കണ്ടുനിന്ന നാട്ടുകാർ ഓടിക്കൂടി ഡ്രൈവറെ പിടികൂടി. ഇയാൾ മദ്യലഹരിയിലാണെന്ന് തിരിച്ചറിഞ്ഞ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. ബിജോയ് മാത്രമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. പുല്ലരിക്കുന്ന് സ്വദേശിയായ യുവാവിന്റെ സ്കൂട്ടറിലാണ് ആംബുലൻസ് ഇടിച്ചത്. സ്കൂട്ടറിന് കാര്യമായ കേടുപാട് സംഭവിച്ചെങ്കിലും യാത്രക്കാരൻ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തെങ്കിലും പെറ്റിക്കേസ് എടുത്തശേഷം വിട്ടയച്ചെന്നാണ് ആക്ഷേപം. നാട്ടുകാരുടെ സഹായത്തോടെ പഞ്ചറായ ടയർ മാറ്റിയശേഷം പൊലീസാണ് സംഭവസ്ഥലത്ത് നിന്ന് വാഹനം നീക്കിയത്.