കോട്ടയം : ശ്രീനാരായണ ധർമ്മപ്രചരണരംഗത്ത് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ കിരീടത്തിൽ ഒരു പൊൻതൂവൽ കൂടി. യൂണിയന്റെ നേതൃത്വത്തിൽ നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രാങ്കണത്തിലെ കവികുമാര മന്ദിരത്തിൽ നടന്നുവരുന്ന പ്രതിമാസ ശ്രീനാരായണ ധർമ്മപ്രബോധനവും ധ്യാനവും ശ്രീനാരായണ ധർമ്മപ്രചരണവും ഇന്ന് 125 മാസം പൂർത്തിയാക്കുകയാണ്. ചെങ്ങന്നൂർ കോടുകുളഞ്ഞി ശ്രീനാരായണ ധർമാശ്രമം മഠാധിപതി സ്വാമി ശിവബോധാനന്ദയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് ഗുരുദേവഭക്തർ ധ്യാനത്തിൽ സംബന്ധിക്കാൻ എത്താറുണ്ട്. ശ്രീനാരായണ ധർമപ്രചരണരംഗത്ത് സംസ്ഥാനത്തെ ഇതര യൂണിയനുകളെ അപേക്ഷിച്ചുള്ള കോട്ടയം മാതൃകകളിൽ ഏറെ പ്രശംസപിടിച്ചുപറ്റിയ ഒന്നാണ് പ്രതിമാസ ധർമപ്രബോധനവും ധ്യാനവും. യൂണിയൻ ഭരണസമിതി, വനിതാസംഘം, കോട്ടയം ശ്രീനാരായണ ധർമപഠനകേന്ദ്രം എന്നിവയുടെ സജീവസാന്നിദ്ധ്യവുമാണ് ഈ പരിപാടിയുടെ വിജയമന്ത്രം. എല്ലാമാസവും ധർമപ്രബോധനം, ധ്യാനം, ജപം, മഹാഗുരുപൂജ, അന്നദാനം എന്നിവയാണ് പ്രധാന ചടങ്ങുകൾ. 125 ാമത് ധ്യാന ദിവസമായ ഇന്ന് ശ്രീനാരായണ ഗുരുദേവൻ രചിച്ച 'കുണ്ഡലനിപ്പാട്ട്' എന്ന കൃതിയുടെ വ്യാഖ്യാനമാണ് നടക്കുന്നത്. എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ അടുത്തമാസം തൃശൂരിൽ നടക്കുന്ന 'ഏകാത്മകം' മെഗാ ഇവന്റിനോട് അനുബന്ധിച്ചാണ് കുണ്ഡലനിപ്പാട്ട് വ്യാഖ്യാനം നടത്തുന്നതെന്ന് പ്രോഗ്രാം കോഓർഡിനേറ്റർമാരായ എ.ബി. പ്രസാദ് കുമാർ, സജീഷ് കുമാർ മണലേൽ എന്നിവർ അറിയിച്ചു.