നെടുംകുന്നം: മാന്തുരുത്തിയിൽ മൂലേക്കുന്നിന് സമീപം മണ്ണെടുപ്പ് നാട്ടുകാർ തടഞ്ഞു. മൂന്നു ദിവസമായി അര ഏക്കറോളം സ്ഥലത്തു നിന്നാണ് മണ്ണെടുപ്പ് ആരംഭിച്ചത്. 15 സെന്റ് സ്ഥലത്തെ മണ്ണ് പൂർണമായയും അവശേഷിക്കുന്ന സ്ഥലത്തെ മണ്ണ് ഭാഗീകമായും നീക്കിയിരുന്നു. ഇവിടെ നിന്നും എടുക്കുന്ന മണ്ണ്് ആലപ്പുഴയിലേക്കാണ് കൊണ്ടു പോകുന്നത്. ലോഡുമായി പോയ ടിപ്പർ ലോറി നാട്ടുകാർ തടയുകയും തുടർന്ന് മണ്ണെടുപ്പ് നിർത്തണമെന്നും സ്ഥലം ഉടമയോട് ആവശ്യപ്പെട്ടു. വിവരമറിഞ്ഞ്് കറുകച്ചാൽ പൊലീസ് സ്ഥലത്തെത്തി. പൊലീസ് വിളിച്ചറിയിച്ചതിനെ തുടർന്ന് റവന്യു അധികൃതർ എത്തി പരിശോധന നടത്തി. 15 സെന്റിൽ നിന്നും മണ്ണെടുക്കാൻ ജിയോളജി വകുപ്പിൽ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്നും ഇത് അനധികൃതമല്ലെന്നുമാണ് റവന്യു അധികൃതർ പറയുന്നത്. എന്നാൽ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മണ്ണെടുപ്പെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രദേശത്ത് നിന്നും മണ്ണെടുക്കാൻ അനുവദിക്കില്ലെന്നും ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും നാട്ടുകാർ പറഞ്ഞു