കറുകച്ചാൽ: കറുകച്ചാൽ മേഖലയിൽ കുന്നിടിക്കലും പാറപൊട്ടിക്കലും വ്യാപകമാകുന്നു. കെട്ടിട നിർമ്മാണത്തിന്റ മറവിൽ അനുമതി വാങ്ങിയ ശേഷം ഏക്കർ കണക്കിന് സ്ഥലത്തു നിന്നാണ് മണ്ണെടുക്കുന്നത്. സംഭവം പതിവായതോടെ ജില്ലാകളക്ടർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. കങ്ങഴ പഞ്ചായത്തിലെ മുണ്ടത്താനം, അഞ്ചാനി, നെടുംകുന്നം പഞ്ചായത്തിലെ മാന്തുരുത്തി, മാണികുളം പ്രദേശത്താണ് മണ്ണെടുപ്പ് തകൃതിയായി നടക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം പഞ്ചായത്തുകളിൽ അനധികൃത മണ്ണെടുപ്പ് വ്യാപകമാണ്. സ്ഥലം വാങ്ങിയ ശേഷം കെട്ടിട നിർമ്മാണത്തിനായി പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങും. തുടർന്ന് വില്ലേജ് ഓഫീസ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിൽ നിന്ന് അനുമതി വാങ്ങിയ ശേഷം കുന്നിടിച്ചു നിരത്തുകയാണ് ചെയ്യുന്നത്. 20 സെന്റ് സ്ഥലത്തു നിന്നുമാണ് പരമാവധി വീട് നിർമ്മാണത്തിന് മണ്ണെടുക്കാൻ അനുമതി നൽകുന്നത്. എന്നാൽ, അനധികൃതമായി രേഖകൾ നേടിയ ശേഷം ഏക്കർ കണക്കിന് സ്ഥലത്തു നിന്നുമാണ് മണ്ണെടുപ്പും, പാറ ഘനനവും നടത്തുന്നത്. മണ്ണെടുപ്പിന് പിന്നിൽ പ്രദേശത്തെ പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാർക്കും ബന്ധമുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ മാസം നെടുംകുന്നം മനക്കരക്കുന്നിൽ നടത്തിയ മണ്ണെടുപ്പ് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നിറുത്തിവച്ചിരുന്നു.
കെട്ടിട നിർമ്മാണത്തിനായി ആദ്യം പഞ്ചായത്തിൽ അപേക്ഷ നൽകണം. മണ്ണെടുക്കുന്നതിന് മുൻപ് വില്ലേജ് ഓഫീസ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് എന്നിവിടങ്ങളിൽ പ്രത്യേകം അപേക്ഷ കൊടുക്കണം. ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തി ശേഷം മാത്രമേ അനുമതി നൽകാവു. മണ്ണെടുത്ത ശേഷം ഇവ അളന്ന് തിട്ടപ്പെടുത്തേണ്ടത് മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റ ചുമതലയാണ്. ഇത് പ്രകാരം ലോഡിന് നിശ്ചിത തുക റോയൽറ്റിയായി സർക്കാരിലേക്ക് അടയ്ക്കണം. ഈ നിയമങ്ങളൊന്നും പാലിക്കാറില്ല. സ്ഥലം സന്ദർശിച്ച ശേഷം ഉദ്യോഗസ്ഥർ ഏകദേശ കണക്ക് നിശ്ചയിച്ച് റോയൽറ്റി ഫീസ് പറയുകയാണ് ചെയ്യുന്നത്. ഇങ്ങനെ സ്വന്തമാക്കുന്ന രേഖകൾ ദുരുപയോഗം ചെയ്ത് ഏക്കറുകളോളം ഇടിച്ചു നിരത്തുകയാണ് ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു.