kvyr-rd

ചങ്ങനാശേരി: രണ്ടു വാഹനങ്ങൾക്ക് ഒരേ സമയം കടന്നുപോകാൻ കഴിയാത്തത്ര വീതിക്കുറവ് ചങ്ങനാശേരി-കവിയൂർ റോഡിൽ യാത്രാദുരിതം വർദ്ധിപ്പിക്കുന്നു. പെരുന്ന-ഉദയഗിരി റോഡിലാണ് ഏറെ ദുരിതം. ചങ്ങനാശേരിയിൽ നിന്നും തിരുവല്ല, കവിയൂർ, തൃക്കൊടിത്താനം ഭാഗങ്ങളിലേക്കു പോകുന്ന ബസുകൾ ഇതുവഴിയാണ് കടന്നുപോകുന്നത്. വീതി വളരെ കുറഞ്ഞ റോഡായതിനാൽ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. പെരുന്ന എൻ.എസ്.എസ് കോളേജിന്റെ വടക്കുവശത്തു നിന്ന് തുടങ്ങുന്ന കവിയൂർ റോഡിലൂടെയാണ് പെരുന്ന സ്റ്റാൻഡിൽ നിന്നുള്ള വാഹനങ്ങൾ ഇറങ്ങിപ്പോകുന്നത്. മുൻസിപ്പാലിറ്റി റോഡിലൂടെയാണ് ബസുകൾ സ്റ്റാൻഡിലേക്കു തിരികെ പ്രവേശിക്കുന്നത്. എൻ.എസ്.എസ് കോളേജ് വടക്കുവശത്തെ റോഡിലെ കലുങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡ് അടച്ചിരിക്കുന്നതിനാൽ, മുൻസിപ്പാലിറ്റി റോഡിലൂടെയാണ് ബൈപ്പാസിലേക്കടക്കമുള്ള എല്ലാ വാഹനങ്ങളും കടന്നുപോകുന്നത്. ഈ ഭാഗത്തെ റോഡിൽ വലുതും ചെറുതുമായ നിരവധി കുഴികൾ രൂപപ്പെട്ടിരിക്കുന്നതും യാത്രാദുരിതം ഇരട്ടിയാക്കുന്നു. കാൽനടയാത്രപോലും ഇതുവഴി അസാദ്ധ്യമാണ്. റോഡിന്റെ ഒരുഭാഗം വാട്ടർ അതോറിട്ടി വിഭാഗം കുഴിച്ചിട്ടിരിക്കുന്നതും ഇവിടെ ചെളിനിറഞ്ഞു കിടക്കുന്നതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. വഴിലൈറ്റുകൾ ഇല്ലാത്തതും റോഡിലെ പാർക്കിംഗുമാണ് മറ്റൊരു പ്രശ്നം.

 കവിയൂർ റോഡിൽ ഗതാഗതക്കുരുക്ക് പതിവ്

കവിയൂർ റോഡും ബൈപ്പാസ് റോഡും സംഗമിക്കുന്ന ട്രാഫിക് ജംഗ്ഷനിൽ വീതി കുറവായതിനാൽ കവിയൂർ റോഡിൽ ഗതാഗതക്കുരുക്ക് പതിവാണ്. പൊതുമരാമത്ത് വകുപ്പാണ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് വീതികൂട്ടി നിർമ്മിക്കുന്നത്. പെരുന്നയിൽനിന്ന് ആരംഭിക്കുന്ന കവിയൂർ റോഡിൽ പെരുന്ന മുതൽ മുക്കാട്ടുപടി നാലുകോടി പായിപ്പാട് തോട്ടഭാഗം വരെയുളള 13.5 കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ വീതിയാണ് കൂട്ടുന്നത്. 12 മീറ്റർ വീതിയിൽ പണിയുന്ന റോഡിൽ എഴുമീറ്റർ വീതിയിൽ ടാറിംഗ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നിർമ്മാണപ്രവർത്തനങ്ങൾ കാലതാമസം കൂടാതെ, പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്.