വൈക്കം : പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര - സംസ്ഥാന സർക്കാറുകൾ പ്രഖ്യാപിച്ച പദ്ധതികൾ ബന്ധപ്പെട്ടവരുടെ അനാസ്ഥമൂലം ഓരോ വർഷവും നഷ്ടപ്പെടുകയാണെന്ന് കേരള വേലൻ മഹാസഭ സംസ്ഥാന പ്രസിഡന്റ് എ. ജി. സുഗതൻ പറഞ്ഞു. വേലൻ മഹാസഭയുടെ വൈക്കം ടൗണിലെ 106-ാം നമ്പർ ശാഖയുടെ ഓഫീസിന്റെയും സംഘമിത്രം സ്വയം സഹായ സംഘത്തിന്റെ ഡ്രൈ ക്ലീനിംഗ് സെന്റർ ആൻഡ് തേപ്പുകടയുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്വയം തൊഴിലിനെ ലക്ഷ്യമാക്കി സഭയുടെ കീഴിൽ രൂപീകരിച്ചിട്ടുള്ള സ്വയം സഹായ സംഘങ്ങൾക്ക് ആവശ്യമായ ഫണ്ടുകൾ നഗരസഭയുടെ പ്ലാൻ ഫണ്ടിൽപ്പെടുത്തി അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഘമിത്രം സംസ്ഥാന പ്രസിഡന്റ് എം.വി.ഗോപിദാസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ അനിൽ ബിശ്വാസ്, കെ.വി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്. ബാഹുലേയൻ, സംഘമിത്രം സംസ്ഥാന സെക്രട്ടറി വി.എൻ.സോമൻ, കെ.വി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി. തമ്പി, വി.എൻ. കുട്ടപ്പൻ, എ.ജി.രവി, ആർ.വിജയൻ, ഉഷാ ജനാർദ്ദനൻ, വിലാസിനി, വി.എസ്.പ്രദീപ്, ഗംഗ എന്നിവർ പ്രസംഗിച്ചു.