jos-k-mani

കോട്ടയം : യഥാർത്ഥ പാർട്ടി ഏതെന്നും ചിഹ്നം ആർക്കെന്നും തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നിരിക്കെ കോടതിയിലെ തോൽവി കണ്ട് തളരുന്ന പ്രസ്ഥാനമല്ല കേരള കോൺഗ്രസെന്ന് ജോസ് കെ. മാണി എം.പി പറഞ്ഞു. കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ ജോസ് വിഭാഗം സംസ്ഥാനകമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേസുകൾ വരും പോകും. പാർട്ടി കമ്മിറ്റികളിൽ വ്യക്തമായ ഭൂരിപക്ഷമുണ്ട്. അതോടൊപ്പം എം.പി, എം.എൽ.എമാർ എന്നിവരുടെ എണ്ണം കൂടി നോക്കിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുക്കുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പി.ജെ. ജോസഫ് നൽകുന്ന എല്ലാരേഖകളുടേയും പകർപ്പ് എനിക്കും നൽകണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ജോസഫ് നൽകിയ രേഖകളിൽ സംശയമുണ്ട്.

അടച്ചിട്ട മുറികളിൽ യോഗം വിളിച്ച് സംസ്ഥാന കമ്മിറ്റി ചേർന്നെന്നാണ് ജോസഫ് അവകാശപ്പെടുന്നത്. ഞങ്ങളുടെ യോഗങ്ങളെല്ലാം പരസ്യമാണ്. കഴിഞ്ഞ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് (എം) മത്സരിച്ച സീറ്റുകൾ ആർക്കും വിട്ടുനൽകില്ല. പാർട്ടി പരിപാടികൾ ചർച്ചചെയ്യാൻ 14 ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് ജനുവരി 10, 11 തീയതികളിൽ സംസ്ഥാന ക്യാമ്പ് ചരൽക്കുന്നിൽ സംഘടിപ്പിക്കും.