
കോട്ടയം : ജലത്തിൽ കലരുന്ന എണ്ണ വേർതിരിച്ചെടുക്കാനും ഇതിലൂടെ ജലമലിനീകരണം തടയാനും കഴിയുന്ന ആവരണസ്തരങ്ങൾ (മെമ്പ്രേൻസ്) കണ്ടെത്തിയതായി എം.ജി സർവകലാശാലയിൽ നടക്കുന്ന രാജ്യാന്തര സപ്പറേഷൻ സയൻസ്‌ടെക്‌നോളജി കോൺഫറൻസ്. തന്മാത്രാരൂപേണ പ്രവർത്തിക്കുന്ന പിവിഡിഎഫ് അൾട്രാഫിൽറ്റർ മെമ്പ്രേനുകൾ വഴി ഇവ സാധ്യമാകുമെന്ന് ഡൽഹി ഐ.ഐ.ടി.യിലെ കനു പ്രിയ നായക് പറഞ്ഞു. ജലത്തിൽനിന്ന് എണ്ണയെ വേർതിരിച്ചെടുക്കാനുള്ള തീവ്രശേഷി പിവിഡിഎഫ് മെമ്പ്രേനുകൾക്കുണ്ടെന്നും കനുപ്രിയ പറഞ്ഞു. ജലശുദ്ധീകരണത്തിനും വസ്തുക്കളെ വേർതിരിക്കുന്നതിനും അരിച്ചെടുക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന ആവരണസ്തരങ്ങളെ ക്രമാനുഗതമായ രൂപകൽപനയിലൂടെ നിലവിലുള്ള തത്മാത്രരൂപത്തിൽനിന്ന് ഉപകരണതലത്തിലേക്ക് മാറ്റാനുള്ള ഗവേഷണങ്ങളാണ് നടക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജപ്പാനിലെ ടോക്കിയോ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞൻ ടാക്യോ യമഗുചി പറഞ്ഞു. ചെമ്മീനിന്റെ പുറന്തോടിൽ നിന്ന് മൂല്യവർധിത ഉത്പന്നങ്ങൾ ഉല്പാദിപ്പിക്കുന്ന നൂതന രീതികളെക്കുറിച്ച് ലളിത് വസിഷ്ഠ സംസാരിച്ചു.
പരിസ്ഥിതി പഠന വകുപ്പിൽ നടക്കുന്ന കോൺഫറൻസ് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പഠനസുസ്ഥിര വികസന കേന്ദ്രം ഡയറക്ടർ ഡോ. എ.പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രോവൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റംഗം പ്രൊഫ. കെ.എം. കൃഷ്ണൻ, പരിസ്ഥിതി പഠനവിഭാഗം മേധാവി പ്രൊഫ. ഇ.വി. രാമസ്വാമി എന്നിവർ പ്രസംഗിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രശസ്ത ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കുന്ന കോൺഫറൻസ് 16 ന് സമാപിക്കും.