കോട്ടയം : യു.ഡി.എഫ് ധാരണയനുസരിച്ച് ചങ്ങനാശേരി നഗരസഭ ചെയർമാൻ 31 ന് രാജിവയ്ക്കുമെന്ന് ജോസ് കെ.മാണി എം.പി പറഞ്ഞു. ധാരണ അംഗീകരിക്കാതെ യോഗം ബഹിഷ്‌ക്കരിച്ചുപോയ വ്യക്തിക്ക് ചെയർമാൻ സ്ഥാനം നൽകാൻ ബാധ്യതയില്ലെങ്കിലും യു.ഡി.എഫിന്റെ കെട്ടുറപ്പിന് വേണ്ടിയാണ് രാജി. പൗരത്വ ഭേദഗതിനിയമം ഇന്ത്യയുടെ ഭരണഘടനയ്ക്കുള്ള മരണവാറന്റാണെന്നും വ്യക്തിയുടെ മതവുമായി ബന്ധപ്പെടുത്തി പൗരത്വം നിർണയിക്കുന്ന ബിൽ ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് എന്ന സങ്കൽപ്പത്തിന്റെ അടിത്തറ തകർക്കുന്നതാണ്. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ബി.ജെ.പി ഭരണം ഇന്ത്യയ്ക്ക് സമ്മാനിച്ചിരിക്കുന്നത്.

കേരളത്തിലെ ഇടതുപക്ഷ സർക്കാരും സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകർത്ത് തരിപ്പണമാക്കി. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായി, സാമൂഹ്യക്ഷേമ പെൻഷനുകൾ മുടങ്ങി. കാരുണ്യ പദ്ധതിപോലും അട്ടിമറിച്ച സർക്കാർ ധൂർത്തിനും വിദേശപര്യടനത്തിനുമായി കോടികൾ ചെലവഴിക്കുന്നത് മാപ്പ് അർഹിക്കാത്ത കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.