പൊൻകുന്നം: അറവുശാലയിൽ നിന്ന് വിരണ്ട എരുമ ദേശീയപാതയിലൂടെയും പറമ്പുകളിലൂടെയും ഒരുമണിക്കൂറോളം ഓടി. നാട്ടിൽ പരിഭ്രാന്തി പടർത്തിയ എരുമയെ പിന്നീട് വെടിവച്ചു വീഴ്ത്തി. പൊൻകുന്നം 20ാംമൈൽ ഭാഗത്തുനിന്ന് ഇന്നലെ ഉച്ചയ്ക്ക് വിരണ്ടോടിയ എരുമ വാഹനയാത്രക്കാരെയും ഭീതിയിലാഴ്ത്തിയിരുന്നു. എന്നാൽ അപകടങ്ങളൊന്നുമുണ്ടായില്ല. ഇരുപതാംമൈൽ കടുക്കാമല റിയാസിന്റെ അറവുശാലയിലെത്തിച്ച എരുമയാണ് വിരണ്ടോടിയത്. പിടികൂടാൻ നാട്ടുകാർ ആദ്യമൊക്കെ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്‌സിന്റെ സേവനം തേടി. സ്റ്റേഷൻ ഓഫീസർ ജോസഫ് ജോസഫ്, സേനാംഗങ്ങളായ ജൂബി തോമസ്, വി.ജി.ജിജോ, എം.ജി.ശ്രീജിത്ത്, എസ്.പ്രസാദ്, കെ.ബി.ഷിബി എന്നിവരുടെ നേതൃത്വത്തിൽ എരുമയെ പിടികൂടാൻ ഒരുമണിക്കൂറിലധികം ശ്രമം നടത്തി. എരുമയുടെ പിന്നാലെ ഇവർ ഏറെ ദൂരം ഓടിയെങ്കിലും കീഴ്‌പ്പെടുത്താനായില്ല. കെട്ടുപൊട്ടിച്ചോടിയ എരുമയ്ക്ക് മൂക്കുകയറില്ലാത്തതിനാലാണ് ശ്രമം വിജയിക്കാതെ വന്നത്. പിന്നീട് പൊലീസിന്റെ അനുമതിയോടെ ലൈസൻസുള്ള തോക്ക് കൈവശമുള്ള കാഞ്ഞിരപ്പള്ളി സ്വദേശിയുടെ സേവനം തേടുകയായിരുന്നു. ഇയാളെത്തി എരുമയെ വെടിവച്ചു വീഴ്ത്തി.