sathram-jpg

വൈക്കം: കൃഷ്ണകഥാരസം നുകർന്ന് ആനന്ദ യമുനയിൽ ആറാടാൻ ഭാഗവത സത്രവേദിയിലേക്ക് നിലക്കാത്ത ഭക്തജനപ്രവാഹം. അനവധികാലം ഭാഗവത പാരായണം ചെയ്താർജ്ജിച്ച കഥാസാരങ്ങളെ പല ആചാര്യന്മാരുടെ വാക്ധ്വാരണിയിൽ നിന്ന് നേരിട്ടുൾക്കൊണ്ട് ധന്യരാകാൻ രാവിലെ മുതൽ സത്രവേദിയിൽ ഇരിപ്പിടങ്ങൾ സ്വന്തമാക്കുകയാണ് ഭക്തർ. രാവിലെ 9.30 ന് തുടങ്ങുന്ന പ്രഭാഷണ പരമ്പര രാത്രി 9 മണി വരെ നീളുമ്പോൾ ചെമ്മനത്തുകരയെന്ന തികച്ചും ഗ്രാമീണ അന്തരീക്ഷത്തിന് ചൈതന്യമേകുകയാണ് ഈ പ്രഭാഷണ പരമ്പര.
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സത്രവേദിയുമായി ബന്ധപ്പെടുത്തി കെ. എസ്. ആർ. ടി. സി., സ്വകാര്യബസ്സുകൾ സ്‌പെഷ്യൽ സർവീസ് തുടങ്ങിയതോടെ ഭക്തർക്ക് വന്നു പോകാൻ എളുപ്പയാത്രയായി. രാവിലെ പ്രഭാതഭക്ഷണം മുതൽ വൈകിട്ടുള്ള അന്നദാനം വരെ ഊട്ടുപുരയിൽ ഭക്ഷണം സുലഭമായി നൽകാൻ ഒരുക്കിയിട്ടുണ്ട്. ഭക്തജനങ്ങൾ വഴിപാടായി സമർപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ കലവറയിൽ നിറഞ്ഞുകൂടുകയാണ്. തൃപ്പൂണിത്തറ മരട് സുബ്ബരാജിന്റെ നേതൃത്വത്തിൽ 48 പേരാണ് വിഭവങ്ങൾ ഒരുക്കാൻ കലവറയിൽ ഉള്ളത്. ഞായറാഴ്ച രാവിലെ വൈക്കം ക്ഷേത്രം തന്ത്രി കിഴക്കിനേടത്ത് മേക്കാട്ടില്ലത്ത് ചെറിയനാരായണൻ നമ്പൂതിരി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തും. തുടർന്ന് 8.30 മുതൽ പ്രഭാഷണ പരമ്പര തുടങ്ങും. പയ്യന്നൂർ പി. ശ്രീനാഥ് നമ്പൂതിരി, തോട്ടം ശ്യാമൻ നമ്പൂതിരി പാലക്കാട്, എ. കെ. ബി. നായർ കോഴിക്കോട്, ഡോ. പി. വി. വിശ്വനാഥൻ നമ്പൂതിരി കോട്ടയം, എൻ. സോമശേഖരൻ കോട്ടയം, കാനപ്രം ഈശ്വരൻ നമ്പൂതിരി കണ്ണൂർ, കൊളത്തൂർ ജയകൃഷ്ണൻ മലപ്പുറം, ഡോ. ശരത് പി. നാഥ് കോട്ടയം എന്നിവരാണ് ഞായറാഴ്ച പ്രഭാഷണം നടത്തുന്നത്.