
വൈക്കം: ശ്രീമദ് ഭാഗവതത്തിലെ വരാഹാവതാരം കഥ ഇന്നത്തെ സമൂഹത്തിന് ഈശ്വരന്റെ മറ്റൊരു സന്ദേശമാണെന്നും ഭൂമിയിലെ എല്ലാ വസ്തുക്കളും കൈയേറ്റം ചെയ്ത് സ്വന്തമാക്കി എല്ലാം എന്റെതെന്ന് മാത്രമാക്കുന്ന അസുരചിന്തയുടെ പ്രതീകമായ ഹിരണ്യാക്ഷന്റെ മനോഭാവമാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നും സംസ്‌കൃത പണ്ഡിതൻ കാലടി വെൺമണി കൃഷ്ണൻ നമ്പൂതിരി പറഞ്ഞു.
ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിൽ ശനിയാഴ്ച രാവിലെ വരാഹാവതാരം വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാവിലെ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ 108 നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി. രാവിലെ 9.30 മുതൽ രാത്രി 9.30 വരെ നടന്ന പ്രഭാഷണ പരമ്പരയിൽ റാന്നി ഹരിശങ്കർ, ആചാര്യ സി. പി. നായർ ഗുരുവായൂർ, ഗുരുവായൂർ മമ്മിയൂർ വിജയലക്ഷ്മി, തൃപ്പൂണിത്തുറ സംഗമേശ്വരൻ തമ്പുരാൻ, എടമന വാസുദേവൻ നമ്പൂതിരി, ഡോ. കെ. എസ്. രാധാകൃഷ്ണൻ, രാജേശ്വരി തിരുവാങ്കുളം, നാരായണസ്വാമി, ഡോ. പ്രദീപ് വർമ്മ എന്നിവർ പ്രഭാഷണം നടത്തി.