പാലാ : കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് പാലാ രൂപതയുടെ നേതൃത്വത്തിൽ കർഷക മഹാസംഗമവും കർഷക മതിലും നടന്നു. പതിനായിരക്കണക്കിന് കർഷകരും പ്രതിനിധികളും സംഗമത്തിൽ പങ്കെടുത്തു. രൂപതാദ്ധ്യക്ഷന്റെ നേതൃത്വത്തിൽ ആയിരക്കണക്കിന് വൈദികരും സന്യാസിനികളും വിശ്വാസികളും നാട്ടുകാരും സംഗമത്തിൽ പങ്കെടുത്തു. അഞ്ച് കേന്ദ്രങ്ങളിൽ സംഘടിച്ച് കർഷകരും പ്രവർത്തകരും മഹാറാലികളായി സമ്മേളനവേദിയായ കുരിശുപള്ളി ജംഗ്ഷനിലേക്ക് എത്തി. തുടർന്ന് നടന്ന സമ്മേളനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. കർഷക ഐക്യധാർഢ്യ പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു.

തെരുവിലേയ്ക്കിറങ്ങിയ കർഷകരുടെ ശക്തിയാണ് പാലായിൽ കാണുന്നതെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മലബാറിലേയ്ക്കും ഹൈറേഞ്ചിലേയ്ക്കും കുടിയേറിയവരുടെ ഗർഭഗൃഹമാണ് പാലാ. ജനാധിപത്യ കേരളത്തിൽ കർഷകപ്രാക്ഷോഭമായാണ് കർഷകർ ഒന്നിച്ചത്. കർഷകരെ നെഞ്ചോട് ചേർത്തു പിടിക്കുന്ന സംസ്‌കാരമാണ് പാലായ്ക്കുള്ളത്. ആ സംസ്‌കാരം മരിക്കാതിരിക്കണമെങ്കിൽ പ്രസക്തമായ ഘടകങ്ങളും മൂല്യങ്ങളും കൈമാറ്റം ചെയ്യപ്പെടണം. പക്ഷേ ഇന്ന് കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് കാർഷികമേഖല അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാലാ കർഷക ബാങ്കിന്റെ കീഴിലുള്ള എസ് എച്ച് ഗ്രൂപ്പുകൾ വളരണമെന്നും ആൾക്കൂട്ടമായാൽ പോര, മറിച്ച് ക്രിയാത്മക സംഘമായി മാറി കൂടുതൽ യൂണിറ്റുകൾ സ്ഥാപിക്കുകയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണം വിപുലീകരിക്കുകയും വേണമെന്ന് മുഖ്യപ്രഭാഷണത്തിൽ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു.
കർഷകൻ പരാജയപ്പെട്ടാൽ രാജ്യം പരാജയപ്പെട്ടുവെന്ന് കുടക്കച്ചിറ വിദ്യാദിരാജാ ആശ്രമത്തിലെ സ്വാമി അഭയാന്ദതീർഥപാദർ അഭിപ്രായപ്പെട്ടു.
മനുഷ്യന്റെ ജീവിതം കൃഷിയുമായി ബന്ധപ്പെടുമ്പോഴാണ് ആരോഗ്യം ലഭിക്കുന്നതെന്നും കൃഷിയെ മറക്കുമ്പോൾ മാറാരോഗങ്ങളുടെ പിടിയിലാകുമെന്നും ഇമാം ഏകോപന സമിതി പ്രസിഡന്റ് മുഹമ്മദ് നദീർ മൗലവി പറഞ്ഞു.
യോഗത്തിൽ മോൺ. ജോസഫ് കുഴിഞ്ഞാലിൽ, ഫാ. മാത്യു മാമ്പറമ്പിൽ, ഡോ. സിറിയക് തോമസ്, വി.സി. സെബാസ്റ്റ്യൻ, റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, സുനിജ രാജു, സാജു അലക്‌സ്, വിവിധ സംഘടനാ ഭാരവാഹികളായ ഡാന്റീസ് കൂനാനിയ്ക്കൽ, ടോമി തുരുത്തിക്കര, ഡോ.സണ്ണി വി സഖറിയ, ജസ്റ്റിൻ കുന്നുംപുറം, സാലിമ്മ ജോളി, ജോസ് കീലത്ത്, വെറോനിക്കാ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. എംപിമാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, എം.എൽ.എമാരായ മാണി സി. കാപ്പൻ, പി.ജെ.ജോസഫ്, റോഷി അഗസ്റ്റ്യൻ, മോൻസ് ജോസഫ് എന്നിവരും വക്കച്ചൻ മറ്റത്തിൽ, കുര്യാക്കോസ് പടവൻ, ജോസ് ടോം, സജി മഞ്ഞക്കടമ്പിൽ, സാജൻ തൊടുക, ബേബി ഉഴുത്തുവാൽ, ബിജു പുന്നത്താനം തുടങ്ങിയവരും പങ്കെടുത്തു.
കർഷകർ ഒപ്പിട്ട് ഇടവക ഫൊറോനാതലത്തിൽ സമാഹരിച്ച ഭീമഹർജികൾ മുഖ്യമന്ത്രിക്കു സമർപ്പിക്കുന്നതിനായി ഫൊറോനാ ഭാരവാഹികളിൽ നിന്ന് ബിഷപ്പ് ഏറ്റുവാങ്ങി.റബറിന് 250 രൂപ നീതിവില ഉറപ്പുവരുത്തുക, തോട്ടംപുരയിടം പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കണ്ടെത്തുക, കർഷകർക്ക് പതിനായിരം രൂപ പെൻഷൻ ലഭ്യമാക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, കർഷകർക്ക് വായ്പകളും സബ്‌സിഡികളും പുനസ്ഥാപിക്കുക, വന്യമൃഗ ഭീഷണിയിൽനിന്ന് കർഷകജീവനും, കൃഷിഭൂമിക്കും സംരക്ഷണം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾക്കുനേരെ പൊതുജനശ്രദ്ധയുയർത്താനും കേന്ദ്ര, സംസ്ഥാനസർക്കാരുകളുടെ അടിയന്തിര ശ്രദ്ധയും ഇടപെടലും ലക്ഷ്യവെച്ചാണ് കർഷകമഹാസംഗമം സംഘടിപ്പിച്ചത്.

 കർഷക കൂട്ടായ്മയുടെ കെട്ടുറപ്പായി കർഷക മതിൽ

കർഷക സംഗമത്തിൽ നടന്ന കർഷക മതിൽ കർഷകരൂടെ കൂട്ടായ്മയുടെ കെട്ടുറപ്പായി. മഹാറാലിക്ക് മുന്നോടിയായാണ് കർഷകരുടെ പ്രതിഷേധം അറിയിക്കുന്ന കർഷക മതിൽ നടന്നത്. കൊട്ടാരമറ്റം സാന്തോം കോപ്ലക്‌സ്, വൈക്കം റോഡ് ജംഗ്ഷൻ, മാർക്കറ്റ് റോഡ്, സിവിൽ സ്‌റ്റേഷൻ, കിഴതടിയൂർപള്ളി ജംഗ്ഷൻ, കത്തീഡ്രൽ പള്ളി മൈതാനം, ളാലം പള്ളി, ആശുപത്രി ജംഗ്ഷൻ എന്നിവിടങ്ങളിലാണ് കർഷകർ പരസ്പരം കൈകോർത്ത് പിടിച്ച് തോളോടുതോൾ ചേർന്ന് പ്രതീകാത്മക മതിൽ തീർത്തത്. പതിനായിരക്കണക്കിന് കർഷകരും നാട്ടുകാരും വൈദികരും സന്യാസിനികളും കുട്ടികളും അണനിരന്നതോടെ കർഷകമതിൽ കിലോമീറ്ററുകളോളം നീണ്ടു. തുടർന്നായിരുന്നു കുരിശുപള്ളി ജംഗ്ഷനിലേക്ക് മഹാറാലി നടന്നത്.