കോട്ടയം : പൗരത്വ ബിൽ വിഷയത്തിൽ സംസ്ഥാനത്ത് 17 ന് ഹർത്താലുണ്ടോ എന്നതാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം. വാട്‌സ് ആപ്പ് വഴി ഒരു വർഷം മുൻപ് നടന്ന ഹർത്താലിൽ വൻ ആക്രമമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു വാട്‌സ് ആപ്പ് ഹർത്താലിന് അരങ്ങൊരുങ്ങുന്നത്. ഇത് മാത്രമല്ല കഴിഞ്ഞ ഒരുമാസമായി ജില്ലയിൽ വാട്സ് ആപ്പ് വഴി വ്യാജ വാർത്തകളുടെ കുത്തൊഴുക്കാണ്.

മുണ്ടക്കയത്ത് നിപ്പ

കഴിഞ്ഞ മാസം ആദ്യമാണ് മുണ്ടക്കയത്ത് നിപ്പയെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൻ പ്രചാരണം ആരംഭിച്ചത്. മുണ്ടക്കയം ജനറൽ ആശുപത്രിയിൽ നിപ്പ സ്ഥിരീകരിച്ചെന്നായിരുന്നു പ്രചാരണം. നിപ്പ ബാധ കണ്ടെത്തിയത് ബ്രോയിലർ കോഴി ഇറച്ചിയിൽ നിന്നാണെന്നും പടച്ചുവിട്ടു.

സത്യം ഇങ്ങനെ : പ്രചാരണം അതിരുവിട്ടതോടെ ജില്ലാ മെഡിക്കൽ ഓഫീസർ സൈബർ സെല്ലിന് പരാതി നൽകി. പൊലീസ് കേസും രജിസ്റ്റർ ചെയ്‌തു. ഇതുവരെ ഒരാളെ പോലും പിടികൂടിയിട്ടില്ല.

നാഗമ്പടത്ത് ലുലുമാൾ

നാഗമ്പടത്ത് പൂട്ടിക്കിടക്കുന്ന ഹോട്ടൽ ഗ്രീൻപാർക്കിന്റെ സ്ഥലത്ത് കൊച്ചിയിലേതിനു സമാനമായി ലുലുമാൾ ഉയരുമെന്നും ഹോട്ടലിന്റെ സ്ഥലം എം.എ യൂസഫലി ഏറ്റെടുത്തെന്നും പ്രചാരണം.

സത്യം ഇങ്ങനെ : നാഗമ്പടത്തെ ഗ്രീൻപാർക്കിന്റെ സ്ഥലത്തെപ്പറ്റി യൂസഫലിയ്‌ക്ക് കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല.

ഇന്ദ്രപ്രസ്ഥത്തിൽ ബിയറും ബിരിയാണിയും

നാഗമ്പടം ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ 499 രൂപയ്‌ക്ക് അൺലിമിറ്റഡായി ബിയറും ബിരിയാണിയും ലഭിക്കും. ഡിസംബർ എട്ടിനെന്ന് ലഭിക്കുമെന്ന രീതിയിൽ ഓഡിയോ സന്ദേശം അടക്കമായിരുന്നു പ്രചാരണം.

സത്യം ഇങ്ങനെ : പാലക്കാട്ടെ ഇന്ദ്രപ്രസ്ഥ ഹോട്ടൽ നേരത്തെ എപ്പോഴോ മുന്നോട്ടു വച്ച ഓഫറിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രചാരണം. പ്രചാരണത്തിനെതിരെ ഹോട്ടൽ അധികൃതർ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.

പിടിച്ചത് അർക്കാലിയയിൽ നിന്ന്

പ്രചരിച്ചത് അർക്കേഡിയ എന്ന്

ചങ്ങനാശേരിയിലെ ഹോട്ടൽ അർക്കാലിയയിൽ വിളമ്പിയ മട്ടൺ ബിരിയാണിയിൽ പന്നിഇറച്ചി ഉണ്ടെന്ന് ആരോപിച്ച് വൻ പ്രതിഷേധം അരങ്ങേറി. അർക്കാലിയ ഹോട്ടൽ അടച്ചു പൂട്ടുകയും ചെയ്‌തു. എന്നാൽ, ഹോട്ടൽ അർക്കേഡിയയിൽ നിന്നാണ് ഇത്തരത്തിൽ ഭക്ഷണം പിടികൂടിയതെന്നായിരുന്നു സോഷ്യൽമീഡിയയിൽ പ്രചാരണം.

സത്യം ഇങ്ങനെ : വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ അർക്കാഡിയ ഹോട്ടൽ മാനേജ്‌മെന്റ് സൈബർ സെല്ലിൽ പരാതി നൽകി.

നടപടിയുണ്ടാകും

സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾ നിരീക്ഷണത്തിലാണ്. കർശന നടപടികൾ ഉണ്ടാകും. പ്രചാരണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ജില്ലാ സൈബർ സെൽ