ജില്ലയിൽ വീണ്ടും ഗുണ്ടാസംഘം സജീവമാകുന്നു
കോട്ടയം : പാറമടകളിൽ ഉപയോഗിക്കാനെത്തിക്കുന്ന വെടിമരുന്ന് ഗുണ്ടാ സംഘങ്ങളുടെ കൈകളിലേയ്‌ക്ക് എത്തുന്നതായി റിപ്പോർട്ട്. പാറമടകളിൽ ജോലി ചെയ്യുന്ന യുവാക്കളും കഞ്ചാവ് മാഫിയ സംഘങ്ങളുമായുള്ള ബന്ധം വഴിയാണ് വെടിമരുന്ന് ലഭിക്കുന്നത്. ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങി ഗുണ്ടാ സംഘങ്ങൾ തോക്കുണ്ടാക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
ഒരിടവേളയ്‌ക്കു ശേഷം ജില്ലയിൽ വീണ്ടും ഗുണ്ടാ - കഞ്ചാവ് മാഫിയ സംഘങ്ങൾ സജീവമാകുകയും ഏറ്റുമുട്ടലുകൾ തുടങ്ങുകയും ചെയ്‌തതോടെയാണ് ആയുധശേഖരണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കുറവിലങ്ങാട് പാറമടയിൽ പാറപൊട്ടിക്കുന്നതിനിടെ അപകടമുണ്ടായി രണ്ടു യുവാക്കൾ മരിച്ചിരുന്നു. അനധികൃതമായി വെടിമരുന്ന് ഉപയോഗിച്ചാണ് ഇവിടെ പാറപൊട്ടിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരം ലഭിച്ചത്. പാറമടകളിൽ ജോലി ചെയ്യുന്ന യുവാക്കളിൽ പലരും സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരാണ്. ഗുണ്ടാസംഘങ്ങൾ ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകുമ്പോൾ പകരം വെടിമരുന്ന് നൽകും.
ഇത്തരത്തിൽ ലഭിക്കുന്ന വെടിമരുന്ന് ബോംബ് ഉണ്ടാക്കുന്നതിനാണ് ഗുണ്ടാസംഘങ്ങൾ ഉപയോഗിക്കുന്നത്. നേരത്തെ അതിരമ്പുഴയിൽ പൊലീസ് കൺട്രോൾ റൂം വാഹനത്തിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞിരുന്നു. ഈ സംഭവത്തിൽ ഉൾപ്പെട്ട ഗുണ്ടകളും എതിർവിഭാഗത്തിൽപ്പെട്ടവരും പാറമടകളിൽ നിന്നുള്ള വെടിമരുന്ന് ഉപയോഗിച്ച് ബോംബ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
വണ്ടിയ്‌ക്കില്ല ,ഗുണ്ടകൾക്കുണ്ട്
പമ്പുകളിൽ നിന്ന് കുപ്പിയിൽ പെട്രോൾ നൽകരുതെന്നാണ് പൊലീസിന്റെ കർശന നിർദേശം. വഴിയിൽ വച്ച് ബൈക്കിന്റെ പെട്രോൾ തീർന്ന് കുപ്പിയുമായി പമ്പിലെത്തിയാൽ പലപ്പോഴും പെട്രോൾ നൽകാറില്ല. എന്നാൽ, ജില്ലയിലെ ഗുണ്ടാ സംഘങ്ങൾക്ക് ആവശ്യത്തിന് പെട്രോൾ ലഭിക്കുന്നുണ്ട്. പെട്രോൾ ബോംബ് വണ്ടിയിൽ വച്ചാണ് ഗുണ്ടകളുടെ നടപ്പ്.
രണ്ടാഴ്‌ച , 4 ഏറ്റുമുട്ടൽ
1.ഏറ്റുമാനൂരിൽ നിന്ന് ഓട്ടംവിളിച്ച ഓട്ടോഡ്രൈവറെ പനമ്പാലത്ത് എത്തിച്ച് ആക്രമിച്ചു
2.ഏറ്റുമാനൂരിൽ കട ഉടമയെ ബൈക്കിലെത്തിയ സംഘം തലയ്‌ക്കടിച്ചു വീഴ്‌ത്തി
3.ഏറ്റുമാനൂർ സ്വദേശിയായ ഗുണ്ടാത്തലവനെ വീടിനു മുന്നിൽ വച്ച് ആക്രമിച്ചു
4.തിരിച്ചടിയായി ഗുണ്ടാത്തലവനും സംഘവും യുവാവിനെ ആക്രമിച്ചു
.