ജില്ലയിൽ ഹെൽമറ്റ് മോഷണം വ്യാപകം

കോട്ടയം : ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവർ നിർബന്ധമായും ഹെൽമറ്റ് ധരിക്കണമെന്ന നിയമം കർശനമായി നടപ്പാക്കിത്തുടങ്ങിയതോടെ ഹെൽമറ്റ് മോഷണവും വ്യാപകമാകുന്നു. ഡിസംബർ 1 ന് ശേഷം നൂറുകണക്കിന് ഹെൽമറ്റുകളാണ് പാർക്കിംഗ് സ്ഥലങ്ങളിൽ നിന്ന് മോഷണം പോയത്. എന്നാൽ, ഹെൽമറ്റ് നഷ്‌ടമായവർ പരാതിയുമായി രംഗത്ത് എത്താത്തതിനാൽ കൃത്യമായ കണക്കുകൾ ലഭ്യമല്ല.

ഇതുവരെ ജില്ലയിൽ 12,387 പേർക്കെതിരെയാണ് ഹെൽമറ്റ് ധരിക്കാത്തതിന് നടപടി സ്വീകരിച്ചത്. ഇതോടെ ഭൂരിഭാഗം പേരും ഹെൽമറ്റ് ധരിക്കാൻ തുടങ്ങി. ഹാൻഡിലിൽ ഹൈൽമറ്റ് വച്ച ശേഷമാണ് പലരും ബൈക്ക് പാർക്ക് ചെയ്യുന്നത്. ഈ സമയം ഹെൽമറ്റുമായി മോഷ്‌ടാക്കൾ മുങ്ങും. ഹെൽമറ്റ് ബൈക്കിൽ സുരക്ഷിതമായി വയ്‌ക്കാൻ സംവിധാനമില്ലാത്തതാണ് പ്രശ്‌നങ്ങൾക്ക് കാരണം. വിപണിയിൽ ആയിരം രൂപ വരെയുള്ള ഹെൽമറ്റുകളാണ് മോഷണം പോകുന്നത്.

യുവമോർച്ചാ നേതാവിന്റെ

ബൈക്ക് മോഷണം പോയി

മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ‌്‌തിരുന്ന യുവമോർച്ചാ നിയോജക മണ്ഡലം സെക്രട്ടറി വി.പി മുകേഷിന്റെ ഹീറോ ഹോണ്ട സി.ഡി ഡോൺ ബൈക്ക് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം പോയി. രാത്രിയിൽ രോഗിയെ സന്ദർശിക്കുന്നതിനായാണ് മുകേഷ് എത്തിയത്. മടങ്ങിയെത്തിയപ്പോൾ ബൈക്ക് കണ്ടില്ല. തുടർന്ന് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.