കോട്ടയം: ഇത്തവണ ക്രിസ്‌മസിന് മധുരമുള്ള കേക്ക് കഴിക്കണമെങ്കിൽ വിലയിലെ കയ്പ് സഹിക്കേണ്ടി വരും. അവശ്യസാധന വില വർദ്ധനവ് കേക്കിന്റെ വിലയെയും ബാധിച്ചതാണ് കാരണം. പത്തു രൂപ മുതൽ അൻപത് രൂപ വരെയാണ് വിവിധ ഇനം കേക്കുകൾക്ക് വില വർദ്ധിച്ചിരിക്കുന്നത്. ക്രിസ്‌മസിന് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്നത് പ്ലം കേക്കുകളാണ്. ഈ കേക്കിന് 350 രൂപയ്‌ക്കു മുകളിലാണ് വില വർദ്ധിച്ചിരിക്കുന്നത്. നിലവാരം കൂടും തോറും പ്ലം കേക്കിന്റെ വിലയും വർദ്ധിക്കും. 400 മുതൽ 430 രൂപ വരെ ഈ കേക്കിന് ഈടാക്കുന്ന ബേക്കറികളും നഗരത്തിലുണ്ട്.

ഒരു കിലോയുടെ കേക്ക് എന്ന് പേരുണ്ടെങ്കിലും പലപ്പോഴും 700 മുതൽ 900 ഗ്രാം വരെയാണ് കേക്കിനുള്ളിലുണ്ടാകുക. ഏതെങ്കിലും കമ്പനിയുടെ ബ്രാൻഡിൽ പുറത്തിറങ്ങുന്ന കേക്കിനു കിലോയ്‌ക്കു 320 രൂപ വരെ വില ഈടാക്കുന്ന കമ്പനികളുമുണ്ട്. പ്ലം മാർബിൾ കേക്കുകൾ കൂടാതെ ഏറ്റവും കൂടുതൽ ക്രിസ്‌മസ് കാലത്ത് വിൽക്കപ്പെടുന്നത് കാരറ്റ് കേക്കുകളാണ്. കാരറ്റ് കേക്കിന് 350 രൂപ മുതൽ 450 രൂപ വരെയാണ് വില.

500 മുതൽ മുകളിലേയ്‌ക്കുള്ള വിലയിൽ ചോക്ലേറ്റ്, ഐസിങ് കേക്കുകൾ ലഭിക്കുമ്പോൾ, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ് കേക്കുകൾക്കു 600 മുതൽ 650 രൂപ വരെയാണ് വില. കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ റെഡ് വെൽവറ്റ് പോലെയുള്ള കേക്കുകൾക്കു 600 രൂപയ്‌ക്കു മുകളിലേയ്‌ക്കു വില വർദ്ധിക്കും. സാധാരണ ഇനങ്ങൾക്കു പുറമേ, പൈനാപ്പിൾ, ചെറി, കോക്കനട്ട്, ടീ, ഡേറ്റ്‌സ്, ബനാന തുടങ്ങിയ വ്യത്യസ്ത രൂചികളോടു കൂടിയ മുപ്പതിലേറെ ഇനം കേക്കുകളാണ് നഗരത്തിൽ വിൽപ്പനയ്‌ക്ക് തയ്യാറായിരിക്കുന്നത്. പക്കാ വെജിറ്രേറിയൻ ആയി, മുട്ട ചേരാതെ വിപണിയിൽ ഇറങ്ങുന്ന കേക്കിന് 420 രൂപ വരെ വിലയുണ്ട്. ക്രിസ്മസ് രുചിയ്ക്കു കോട്ടം തട്ടാതരിക്കാൻ ബേക്കറികളും കമ്പനികളും മാസങ്ങൾക്കു മുമ്പേ കേക്ക് നിർമാണം ആരംഭിച്ചിരുന്നു.

 വിലയെ പേടിക്കേണ്ട, അല്പം മധുരമാകാം

വിലയെപ്പേടിക്കാതെ അൽപം മധുരം കഴിക്കണമെങ്കിൽ തിരുനക്കര ഗാന്ധിസ്‌ക്വയറിലെ കൺസ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണിയിൽ കയറിയാൽ മതി. മാർക്കറ്റിനേക്കാൾ കുറഞ്ഞ വിലയിലാണ് കൺസ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി കേക്കുമായി ഗാന്ധിസ്‌ക്വയറിൽ എത്തിയിരിക്കുന്നത്. പൊതുവിപണിയിൽ നിന്നും 50 രൂപ വരെയാണ് ഇവിടെ വില കുറവ്. പൊതുവിപണിയിൽ 200 രൂപ വിലയുള്ള 700 ഗ്രാം തൂക്കമുള്ള കേക്ക് ഇവിടെ 150 രൂപയ്‌ക്കു ലഭിക്കും. 350 ഗ്രാം തൂക്കമുള്ള കേക്കിനു 75 രൂപ നൽകിയാൽ മതി. മാർക്കറ്റിൽ 75 രൂപയ്‌ക്കാണ് ഈ കേക്ക് വിൽക്കുന്നത്. 24 വരെ ഈ വണ്ടി ഗാന്ധിസ്‌ക്വയറിൽ ഉണ്ടാകും.