വൈക്കം: കൃഷ്ണ ഗാഥകൾ പാടി, രാമകഥകൾ പറഞ്ഞ് ശിഷ്ട ജീവിതം ഭക്തജന സഹസ്രങ്ങൾക്ക് ഭഗവത് സന്നിധിയിലേക്ക് വഴിതെളിക്കാനുഴിഞ്ഞുവച്ച് അവർ രണ്ടാളും... ആചാര്യ സി.പി.നായർ ഗുരുവായൂരും ഭാര്യ മമ്മിയൂർ വിജയലക്ഷ്മി ടീച്ചറും. ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന 37ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത വേദിയിൽ അവർ ഒരുമിച്ചാണെത്തിയത്. സി.പി.നായരുടേതായിരുന്നു ആദ്യ പ്രഭാഷണം, കപിലോപദേശത്തെക്കുറിച്ച്. അടുത്തതായി നരനാരായണാവതാരം, ദക്ഷയാഗം എന്നിവയുടെ ആഴങ്ങളിലേക്കിറങ്ങിച്ചെന്ന് കഥകളും ഉപകഥകളും പറഞ്ഞ് വിജയലക്ഷ്മി ടീച്ചറും. ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരനായിരുന്ന സി പി നായർ ദേവസ്വം പ്രസിദ്ധീകരണമായ ഭക്തപ്രിയ മാസികയുടേയും ദേവസ്വത്തിന്റെ ആദ്ധ്യാത്മിക സാംസ്‌കാരിക പരിപാടികളുടേയും ചുമതലയാണ് വഹിച്ചിരുന്നത്. പാവറട്ടിയിലെ ഗുരവായൂർ കേന്ദ്രീയ സംസ്‌കൃത വിദ്യാപീഠത്തിൽ നിന്ന് ആചാര്യ ശിക്ഷാശാസത്രി പഠനം കഴിഞ്ഞ് കൊടുങ്ങല്ലൂർ സംസ്‌കൃത വിദ്യാപീഠത്തിൽ സംസ്‌കൃത വ്യാകരണ അദ്ധ്യാപകനായിരുന്ന ശേഷമാണ് ദേവസ്വത്തിൽ ജോലിക്ക് കയറിയത്. അങ്ങനെ ഒറ്റപ്പാലംകാരനായ സി പി നായർ ഗുരുവായൂരിൽ ജീവിതമുറപ്പിച്ചു. മൂന്നു പതിറ്റാണ്ടായി ആത്മീയ പ്രഭാഷണ രംഗത്ത് സജീവമാണ്. കാൽ നൂറ്റാണ്ടായി ആകാശവാണിയിൽ സുഭാഷിതം അവതരിപ്പിച്ചു വരുന്നു. തുടർച്ചയായി 22ാമത്തെ അഖില ഭാരതഭാഗവതസത്രത്തിലാണ് സി പി നായർ ചെമ്മനത്ത് പ്രഭാഷണം നടത്തിയത്. കുന്നംകുളം ഗവ.ഹയർ സെക്കന്ററി സ്‌ക്കൂളിലെ പ്രധാനാദ്ധ്യാപികയായാണ് വിരമിച്ചത്. 2015ൽ ഔദ്യോഗിക ജീവിതം അവസാനിച്ചപ്പോൾ വിജയലക്ഷ്മി ടീച്ചറും ഭർത്താവിനൊപ്പം ആത്മീയ പ്രവർത്തനങ്ങളിൽ സജീവമായി. പതിറ്റാണ്ടുകളുടെ അദ്ധ്യാപന ജീവിതം നല്ലൊരു പ്രഭാഷകയെയാണ് വാർത്തെടുത്തത്. ആകാശവാണിയിൽ സുഭാഷിതവും അവതരിപ്പിക്കാറുണ്ട്. ഭാഗവത സത്രം, സപ്താഹം, ദേവീ ഭാഗവത നവാഹം, രാമായണ സപ്താഹം, ശിവപുരാണം എന്നിവയിലെല്ലാം ഇവർ ഒരുമിച്ച് പ്രഭാഷണം നടത്തി വരുന്നു.
ആത്മീയത അടിസ്ഥാനമായ നിരവധി പുസ്തകങ്ങളും ഇവരുടേതായിട്ടുണ്ട്. മമ്മിയൂർ ദിവ്യശ്രീയിലാണ് താമസം.