കുറവിലങ്ങാട്: പാറ പൊട്ടിക്കുന്നതിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ച സംഭവത്തിൽ പാറമടയിൽ ബോബ് സ്വകാഡ് വീണ്ടും പരിശോധന നടത്തി. പരിശോധനയിൽ സ്‌ഫോടകവസ്തു ഉപയോഗിച്ച് പാറ പൊട്ടിച്ചിരുന്നതായി കണ്ടെത്തി. ബോബ് സ്വകാഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥല ഉടമക്കും കരാറുകാരനുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഉടൻ കേസ് രജിസ്ട്രർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പാറ പൊട്ടിക്കാൻ അനുമതിയില്ലാതെ സ്‌ഫോടകവസ്തു ഉപയോഗിച്ചിരുന്നതായി കഴിഞ്ഞ ദിവസം എ.ഡി.എം നടത്തിയ പരിശോധയിലും കണ്ടെത്തിയിരുന്നു. പാറ പൊട്ടിക്കാൻ ഉപയോഗിച്ചിരുന്ന വസ്തുക്കളും ,ഹിറ്റാച്ചി, ജനറേറ്റർ തുടങ്ങിയവയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അപകടത്തിൽ മരണപ്പെട്ട മധ്യപ്രദേശ് സ്വദേശികളായ രമേശ് കൈദ (41) സഹാബ് റാവു താക്കറ(42) എന്നിവരുടെ മ്യതദേഹങ്ങൾ ഇന്ന് ഉച്ചക്ക് ശേഷം സ്വദേശത്തേക്ക് കൊണ്ടു പോകും. സ്വകാര്യമോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നെടുമ്പാശേരിയിൽ എത്തിച്ച് വിമാനമാർഗം നാഗ്പൂരിൽ എത്തിക്കും. തുടർന്നാണ് ഇരുവരുടെയും വീടുകളിൽ എത്തിക്കുക