ചിറക്കടവ്: ചാമംപതാൽ-തെക്കേത്തുകവല റോഡിൽ പൗവ്വത്തുകവല മുതൽ തെക്കേത്തുകവല വരെ ഒരു കി.മീ.ദൂരം ശോച്യാവസ്ഥയിൽ.
ഒരുവർഷം മുൻപ് റീടാറിംഗിന് തുക അനുവദിച്ച് പണി നടത്തിയിരുന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം അഞ്ചുകി.മീ.റോഡിന്റെ മൂന്നു കി.മീ.ഭാഗം മാത്രമാണ് നന്നാക്കിയത്. ഇത്രയും ഭാഗം ബി.എം.ബി.സി.ടാറിംഗ് നടത്തി. രണ്ടു കി.മീ.ദൂരം ബാക്കിയായി. ഇതിൽ ഒരു കിലോമീറ്ററോളം ഭാഗമാണിപ്പോൾ പൊളിഞ്ഞ് ശോച്യാവസ്ഥയിലായത്. ഇടയ്ക്ക് അറ്റകുറ്റപ്പണി നടത്തി അടച്ച കുഴികളെല്ലാം വീണ്ടും തെളിഞ്ഞു. മിക്കയിടത്തും ടാറിംഗ് തകർന്ന് മെറ്റൽ ചിതറിയ നിലയിലാണ്. പൊൻകുന്നം-പുനലൂർ റോഡിനെയും കൊടുങ്ങൂർ-മണിമല റോഡിനെയും ബന്ധിപ്പിക്കുന്ന റോഡാണിത്. 1960ൽ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി.ചാക്കോ താത്പര്യമെടുത്ത് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ജില്ലാ റോഡിന്റെ പട്ടികയിൽ പെടുത്തിയതാണ് വാഴൂർ, ചിറക്കടവ് എന്നീ രണ്ടുപഞ്ചായത്തിന്റെ പരിധിയിലുള്ള ചാമംപതാൽ-തെക്കേത്തുകവല റോഡ്.