തൃപ്പൂണിത്തുറ: ഇരുമ്പനം സീപോർട്ട്- എയർപോർട്ട് റോഡിൽ കാർ ടാങ്കർ ലോറിയിലിടിച്ച് കാർയാത്രക്കാരായ അമ്മയും മകളും മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഫെഡറൽ ബാങ്ക് എറണാകുളം മറൈൻഡ്രൈവ് ബ്രാഞ്ച് മാനേജർ തൊടുപുഴ എടവെട്ടി അറക്കൽ അസീസിന്റെ ഭാര്യ ഷൈല (48), ഷൈലയുടെ മാതാവ് ബിൽകിസ് (70) എന്നിവരാണ് മരിച്ചത്. കാർ ഓടിച്ച അസീസിനെ(53) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 1.30ന് സീപോർട്ട്-എയർപോർട്ട് റോഡിൽ ഇരുമ്പനം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിന് സമീപത്തായിരുന്നു അപകടം. തൊടുപുഴയിൽ നിന്ന്‌ എറണാകുളത്തേക്ക് വരികയായിരുന്ന സ്വിഫ്റ്റ് കാർ ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയിൽ നിന്ന്‌ ഇന്ധനവുമായി കൊല്ലത്തേക്ക് പോയ ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. മൂവരെയും ഉടനെ ആംബുലൻസിൽ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷൈലയും ബിൽകിസും മരിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ഏറെക്കാലം ഫെഡറൽ ബാങ്ക് തൊടുപുഴ ബ്രാഞ്ച് മാനേജരായിരുന്ന അസീസ് അടുത്തിടെയാണ് എറണാകുളത്തേക്ക് സ്ഥലംമാറിയത്. പാലാരിവട്ടത്തെ വാടക വീട്ടിലേക്ക് സാധനങ്ങളുമായി വരുമ്പോഴാണ് അപകടം. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. നാട്ടുകാരും മറ്റു വാഹനയാത്രക്കാരും ഏറെ പണിപ്പെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.