കോട്ടയം: വിശ്വകർമ സർവീസ് സൊസൈറ്റിയുടെ കീഴിൽ രൂപീകരിച്ച ഗായത്രി സ്വയം സഹായക സംഘത്തിന് ആർട്ടിസാൻസ് ഡവലപ്‌മെന്റ് കോർപറേഷൻ മുഖേന ഈട് രഹിത വായ്പ അനുവദിക്കണമെന്ന് വി.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഗായത്രി സ്വയം സഹായ സംഘത്തിന്റെ മദ്ധ്യമേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗായത്രിയിലൂടെ സംസ്ഥാനത്ത് ഒട്ടേറെ തൊഴിൽ സംരഭങ്ങൾ ആരംഭിക്കുകയും സാമ്പത്തിക വികസനം സാധിക്കുകയും ചെയ്തു. വിശ്വകർമ്മജരുടെ സാമൂഹ്യ സാമ്പത്തിക മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് ലക്ഷ്യമാക്കുന്നത്. വി.എസ്.എസിന്റെ സംസ്ഥാനത്തെ 5000ൽ പരം ശാഖകളിൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ട്രഷറർ കെ.എ ശിവൻ മുഖ്യ പ്രഭാഷണം നടത്തി. വി.എസ്.എസ് കൗൺസിലർ പി. ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ആർ സുധീന്ദ്രൻ, കൗൺസിലർ എം. അനൂപ് കൊട്ടാരക്കര, മഹേശ്വരി അനന്തകൃഷ്ണൻ, കെ.ആർ ചന്ദ്രകുമാർ, രേഖ മണികണ്ഠൻ, ലേഖ മനോജ്, പി.കെ. രാജൻ, എ. രാജൻ എന്നിവർ പ്രസംഗിച്ചു.