mohanlal

ഏറ്റുമാനൂർ: അതൊരുവരവായിരുന്നു.. എല്ലാക്കണ്ണുകളും ഒറ്റവ്യക്തിയിലേയ്ക്ക് കേന്ദ്രീകരിച്ച നിമിഷം.. കറുത്തകാറിൽ വന്നിറങ്ങിയ മോഹൻലാലിനെ ആരാധകർ സ്നേഹത്തിൽ പൊതിഞ്ഞു. നെഞ്ചിനകത്ത് ലാലേട്ടൻ.... ആരാധകർ ഉറക്കെ വിളിച്ചു.. മഹാലക്ഷ്മി സിൽക്സ് ഉദ്ഘാടനം ചെയ്യാൻ ഏറ്റുമാനൂരെത്തിയ മോഹൻലാലിന് രാജകീയ വരവേൽപ്പാണ് നൽകിയത്.

രാവിലെ എഴ് മണിക്കു മുന്നേ എം.സി റോഡിൽ ഏറ്റുമാനൂർ പരിസരം മോഹൻലാലിന്റെ ആരാധകരെക്കൊണ്ടു നിറഞ്ഞു. എല്ലാവർക്കും മോഹൻലാലിനെ കാണണം. ഫോട്ടോയെടുക്കണം. പറ്റിയാൽ തൊടണം. സെൽഫിക്ക് പോസ് ചെയ്യണം. കാലേകൂട്ടിയെത്തിയവരാണ് എല്ലാവരും. ആളുകൂടിയതോടെ പരിസരത്ത് പൊലീസുകാരുടെ എണ്ണവും കൂടി. സമീപത്തെ കെട്ടിടത്തിന് മുകളിൽ വരെ ആരാധകർ ഇടിച്ചുകയറിയതോടെ പൊലീസ് പണിപ്പെട്ടു. ബാരിക്കേഡിന് പുറത്ത് നിന്ന് ആൺപെൺ വ്യത്യാസമില്ലാതെ ആരാധകർ ഉറക്കെ ജയ് വിളിച്ചു.

mohanlal

ഉദ്ഘാടന വേദിയിലെത്തിയ മോഹൻലാൽ കൈവീശി എല്ലാവരേയും അഭിവാദ്യം ചെയ്തു. എല്ലാവരും ഫോട്ടോയെടുത്തു. ചിലർ ഫെയ്സ്ബുക്കിൽ ലൈവിട്ടു. തിരക്ക് കൂട്ടിയവരിൽ ചിലർക്ക് ലാത്തിയുടെ രുചിയറിഞ്ഞു. ഒരു മണിക്കൂറോളം നീണ്ട ചടങ്ങിന് ശേഷം തിരികെ മടങ്ങുമ്പോൾ സെൽഫിക്കായി ചുറ്റുംകൂടി.. പരിമിതിക്കുള്ളിൽ ആരെയും നിരാശരാക്കാതിരിക്കാൻ താരം പ്രത്യേകം ശ്രദ്ധിച്ചു. കാറിൽ കയറി മടങ്ങുമ്പോഴും ആരാധകർ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു.. നെഞ്ചിനകത്ത് ലാലേട്ടൻ...