rathessh

കോട്ടയം: നാഗമ്പടം സീസർ പാലസ് ഹോട്ടലിൽ കുരുമുളക് സ‌്‌പ്രേ പ്രയോഗിച്ച ശേഷം യുവാവിനെ ആക്രമിച്ച് മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. കളത്തിപ്പടി കാരാണി ചെമ്പോല ഭാഗത്ത് കോഴിമല വീട്ടിൽ രതീഷിനെ (22) യാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.ജെ അരുൺ അറസ്റ്റ് ചെയ്‌തത്. കൊല്ലം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും മണർകാട് പൊലീസ് സ്റ്റേഷനിലും നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് രതീഷ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വടവാതൂർ ശാന്തിഗ്രാം കോളനി പുത്തൻപറമ്പിൽ വീട്ടിൽ റഹിലാൽ (24) ഇപ്പോഴും റിമാൻഡിലാണ്.

കഴിഞ്ഞ മാസം ഒൻപതിന് നാഗമ്പടം സീസർ പാലസ് ഹോട്ടലിൽ കളക്ടറേറ്റ് പുളിമൂട്ടിൽ ഹൗസിൽ പ്രവീൺ ജോസഫ് ചാക്കോയെ (29) ആക്രമിച്ച് രണ്ടേമുക്കാൽ പവന്റെ സ്വർണ മാല കവരുകയായിരുന്നു. മദ്യപിക്കുന്നതിനായി പണം കണ്ടെത്തുന്നതിനായിരുന്നു ഇത്. തലയ്ക്ക് അടിയേറ്റ പ്രവീണിനെ ബാർ ജീവനക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. കേസിൽ വിനീത് സഞ്ജയന്റെ ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ കൂടി ഇനി പിടികൂടാനുണ്ട്.