കുമാരനല്ലൂർ: മൂന്നു മാസത്തിനിടെ കുമാരനല്ലൂരിൽ പത്താം തവണയും മോഷണം. ഹോമിയോ ഡിസ്‌പൻസറി അടക്കം മൂന്ന് സ്ഥാപനങ്ങളിലാണ് കഴിഞ്ഞ ദിവസം രാത്രിയിയിൽ മോഷണം നടന്നത്. മൂന്നു മാസത്തിനിടെ നടന്ന മോഷണങ്ങളിൽ ഒന്നിൽ പോലും പ്രതികളെ പിടികൂടാൻ പൊലീസിനു സാധിച്ചിട്ടില്ല.
കുമാരനല്ലൂർ ജംഗ്ഷനിലെ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള ഹോമിയോ ഡിസ്‌പൻസറിയിലാണ് ആദ്യം മോഷണം നടന്നത്. ഇവിടെ നിന്നും 3000 രൂപയാണ് കവർന്നത്. ഇതിനു ശേഷം സമീപത്തെ ബ്യൂട്ടി പാർലർ അടക്കമുള്ള മൂന്നു സ്ഥാപനങ്ങളിൽ മോഷണശ്രമമുണ്ടായി. ചവിട്ടുവരിയിലെ ഹോട്ടലിലും കഴിഞ്ഞ ദിവസം പുലർച്ചെ മോഷണ ശ്രമം നടന്നിരുന്നു. സംഭവങ്ങളിൽ ഗാന്ധിനഗർ പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ടു മാസം മുൻപാണ് കുമാരനല്ലൂർ മുസ്ലീം പള്ളിയുടെ ഭണ്ഡാരത്തിലും, ഇലവനാട്ട് ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലും മോഷ്‌ടാവ് കയറിയത്. രണ്ടിടങ്ങളിലും മോഷണം നടത്തിയ കള്ളന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നെങ്കിലും ഇതുവരെയും മോഷ്‌ടാവിനെ പിടികൂടിയിട്ടില്ല. ആഴ്ചകൾക്കുള്ളിൽ കുമാരനല്ലൂർ ദേവസ്വം വക എം.സി. റോഡിലെ കാണിക്കമണ്ഡപത്തിൽ നിന്നും പണം കവർന്നു. ഈ കേസുകളിൽ അന്വേഷണം തുടരുന്നതിനിടെ ജംഗ്ഷനിലെ മൂന്നു കടകളിൽ രണ്ടാഴ്ച മുമ്പ് മോഷണം നടന്നു. തയ്യൽക്കട, നിർമാണ കമ്പനിയുടെ ഓഫീസ്, ഇന്റർനെറ്റ് കഫേ എന്നിവിടങ്ങളിലായിരുന്നു മോഷണം. ഓരോ മോഷണത്തിനു ശേഷവും സുരക്ഷ ശക്തമാക്കിയെന്ന് പോലീസ് അവകാശപ്പെടുമ്പോഴാണു കള്ളൻമാർ കുമാരനല്ലൂരിനെ വിടാതെ പിന്തുടരുന്നത്.