chidanthapuri

വൈക്കം : ഭാഗവതം ശുദ്ധമായ വേദാന്തബോധമാണെന്നും വേദാന്തം അറിവിന്റെ അവസാനവാക്കാണെന്നും സ്വാമി ചിദാനന്തപുരി പറഞ്ഞു. ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന 37-ാം മത് ശ്രീമദ് ഭാഗവതസത്രത്തിന്റെ നാലാം ദിവസമായ ഇന്നലെ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ശൗനകൻ എന്ന വിദ്യാർത്ഥിയുടെ സംശയങ്ങളെ യുക്തിബോധത്താൽ ദുരീകരിച്ചതാണ് വേദാന്തം. എന്നാൽ ഇന്നത്തെ വിദ്യാർത്ഥികൾ താഴ്ന്ന ക്ലാസുകളിൽ എല്ലാ വിഷയങ്ങളും പഠിക്കുകയും ഉയർന്ന ക്ലാസുകളിൽ എത്തുമ്പോൾ ഒരു വിഷയത്തിലേക്ക് ചുരുങ്ങുന്നതുമായ കാഴ്ചയാണ് ഇന്നത്തെ കാലഘട്ടത്തിലെ വിദ്യാഭ്യാസമേഖലയിൽ കാണുന്നത്. നമ്മുടെ സമ്പന്നമായ സംസ്‌ക്കാരത്തെപ്പ​റ്റി അഭിമാനിക്കാതെ നമ്മൾ ഇന്ന് അപകർഷതാ ബോധത്തിന്റെ നടുവിലാണ് ജീവിക്കുന്നത്. യുക്തിഭദ്റമായ ഒരു ശാസ്ത്രത്തിന്റെ ഉടമസ്ഥരാണ് നാം. അനാദികാലമായി സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഋഷിമാർ അതിനിശിതമായ അന്വേഷണത്തിലൂടെ കണ്ടെത്തിയ സത്യസാക്ഷാത്ക്കാരമാണ് വേദാന്തം. പദ്യമായും ഗദ്യമായും ഗാനമായും ഇത് ത്രയീ എന്ന രൂപമായി അറിയപ്പെടുന്നു. മതവിശ്വാസമില്ലാത്തവരായി ലോകത്ത് ആളുകൾ കൂടുമ്പോൾ ഭാരതത്തിൽ അത് ഉണ്ടാകാത്തതിന്റെ കാരണം യുക്തിപൂർണ്ണമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാൻ സനാതനധർമ്മത്തിന് കഴിയുന്നു എന്നതാണ്. ചോദ്യോത്തരരൂപത്തിലൂളള ഭഗവത്ഗീതയും ഭാഗവതം, ഉപനിഷത്ത് എന്നിവയും മനുഷ്യന്റെ ഏത് ചോദ്യങ്ങൾക്കും ഉള്ള ഉത്തരമാണ്. ഇത് മനസിലാക്കാത്തതാണ് ഇന്നത്തെ തലമുറയുടെ കുഴപ്പമെന്ന് അദ്ദേഹം പറഞ്ഞു.