കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം കാലുവാരി തോൽപ്പിച്ചതിന് ഇന്ന് അകലക്കുന്നം പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ ജോസ് വിഭാഗം തിരിച്ചു 'പണികൊടുക്കുമോ 'എന്ന് ഉറ്റു നോക്കുകയാണ് രാഷ്ടീയ കേന്ദ്രങ്ങൾ .
ജോസ് വിഭാഗത്തിന്റെ ശക്തി കേന്ദ്രമാണ് അകലക്കുന്നം ആറാം വാർഡെങ്കിലും രണ്ടില ചിഹ്നത്തിന് പകരം സ്വതന്ത്ര സ്ഥാനാർത്ഥിയായി ഫുട്ബോൾ ചിഹ്നത്തിൽ മത്സരിക്കേണ്ട ഗതികേടിലാണ് ജോസ് വിഭാഗം സ്ഥാനാർത്ഥി ജോർജ് തോമസ് മൈലാടി. ജോസഫ് നൽകിയ രണ്ടില ചിഹ്നത്തിൽ മത്സരിക്കുന്നത് ബിപിൻ തോമസാണ്. എങ്ങനെയും ജയിക്കുക, അല്ലെങ്കിൽ ജോസഫിന്റെ സ്ഥാനാർത്ഥിയെ തോൽപ്പിക്കുക എന്ന 'ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാൽ മതിയെന്ന ' ചിന്താഗതിയിലാണ് ജോസ് വിഭാഗം പ്രചാരണ രംഗത്തു നിന്നത്.
കേരളകോൺഗ്രസുകളുടെ പോരിനിടയിൽ യു.ഡി.എഫ് താത്പര്യം സംരക്ഷിക്കാൻ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറിയിരുന്നു .ഇതിന്റെ മുറുമുറുപ്പ് അണികൾക്കിടയിലുണ്ട്. കേരളകോൺഗ്രസ് ജോസ്, ജോസഫ് വിഭാഗത്തിൽ ആരെ പിന്തുണക്കണമെന്ന് യു.ഡി.എഫ് സംസ്ഥാന സമിതി തീരുമാനിക്കുമെന്നാണ് ഡി.സി.സി പ്രസിഡന്റ് അഡ്വ.ജോഷി ഫിലിപ്പ് അറിയിച്ചിരുന്നത്. സംസ്ഥാന സമിതി ഇനിയും തീരുമാനമെടുത്തിട്ടില്ല . ഈ സാഹചര്യത്തിൽ 'ന്യൂട്രൽ' കളിയിലാണ് കോൺഗ്രസ്. മനസാക്ഷി വോട്ട് ചെയ്യുമെന്ന് പറയുന്നുണ്ടെങ്കിലും കോൺഗ്രസ് 'കളിക്കുമോ' എന്ന സംശയത്തിലാണ് ജോസ് വിഭാഗം.
പി.ജെ.ജോസഫ്, ജോസ് കെ. മാണി അടക്കം ഇരുവിഭാഗം നേതാക്കൾ ഇവിട പ്രചാരണ രംഗത്ത് ഇറങ്ങിയിരുന്നു. ആരെ പിന്തുണയ്ക്കണമെന്നറിയാത്തതിനാൽ കോൺഗ്രസ് വഴിപാട് പ്രചാരണമാണ് നടത്തിയത്. രണ്ടില ചിഹ്നം നഷ്ടപ്പെട്ടതിന് പുറമേ ജോസ് കെ. മാണിക്ക് ബദലായി സി.എഫ് തോമസിനെ ചെയർമാനായി തിരഞ്ഞെടുക്കുന്നതിന് റിട്ടേണിംഗ് ഓഫീസറെ വരെ ജോസഫ് വിഭാഗം നിയോഗിച്ച് കരുക്കൾ നീക്കുന്നതിനിടയിൽ അകലക്കുന്നത്തെ ജയം ഇരു വിഭാഗത്തിനും പ്രസ്റ്റീജാണ് .പ്രത്യേകിച്ച് ജോസ് വിഭാഗത്തിന് .
ചങ്ങനാശേരി , രാമപുരം അടക്കം തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡി.എഫ് ധാരണ അനുസരിച്ച് ഭാരവാഹിത്വത്തിൽ നിന്ന് ജോസ് വിഭാഗം പിൻമാറിയാലേ അകലക്കുന്നത്തെ പിന്തുണ കാര്യം തീരുമാനിക്കുകയുള്ളുവെന്ന് കോൺഗ്രസ് ജില്ലാ നേതാക്കൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. 31ന് ചങ്ങനാശേരി ചെയർമാൻ സ്ഥാനം രാജിവയ്ക്കുമെന്ന് ജോസ് കെ. മാണി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രാമപുരത്തെ കാര്യം മിണ്ടിയിട്ടുമില്ല. അയർക്കുന്നത്തെ പിന്തുണക്കാര്യത്തിൽ ഒരു പ്രഖ്യാപനവും കോൺഗ്രസ് ഉന്നത നേതാക്കൾ നടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ് .
ഇടതു സ്ഥാനാർത്ഥയായി ആന്റോച്ചൻ മൂങ്ങാമക്കലും ബി.ജെ.പി സ്ഥാനാർത്ഥിയായി രഞ്ജിത്തും മത്സര രംഗത്തുണ്ട്. കേരളകോൺഗ്രസിലെ തമ്മിലടിയിലാണ് ഇരു സ്ഥാനാർത്ഥികളും പ്രതീക്ഷ വച്ചിട്ടുള്ളത്.