കോട്ടയം: ജില്ലയിലെ റേഷൻ കടകളിൽ മാസത്തിന്റെ ആദ്യ പകുതിയിൽ ഭക്ഷ്യധാന്യം വാങ്ങാനെത്തുന്നവരുടെ എണ്ണം പകുതിയിൽ താഴെ. പണ്ടേയുള്ള ശീലത്തിന്റെ ഭാഗമായി മാസാവസാനം റേഷൻവാങ്ങുന്നതാണ് പതിവ്. എന്നാൽ ഭക്ഷ്യധാന്യം വിറ്റഴിയുന്നതിലെ കാലതാമസം ഗോഡൗണുകളിൽ നിന്നുള്ള തുടർചരക്കുനീക്കത്തെ ബാധിക്കുകയാണ്.

ഓരോ റേഷൻ കടയിലും ഒന്നര മാസത്തെ റേഷൻ ഭക്ഷ്യധാന്യം മുൻകൂറായി സംഭരിക്കും. ഇവ വിറ്റഴിയുന്ന മുറയ്ക്കു മാത്രമേ പുതിയ ലോഡ് എടുക്കാനാവൂ. എന്നാൽ മാസത്തിന്റെ ആദ്യ 2 ആഴ്ചകളിൽ കാർഡ് ഉടമകൾ എത്തിയാൽ പകുതിയിലേറെയും വിറ്റഴിയുമെങ്കിലും ശരാശരി പകുതിയിൽ താഴെ ഉടമകളേ എത്താറുള്ളൂവെന്ന് കടയുടമകൾ പറയുന്നു. മാസാവസാനം കടകൾക്ക് മുന്നിൽ തിരക്കുമാകും. മാസം കഴിഞ്ഞാലും അടുത്ത ദിവസം മുതൽ ആ മാസത്തെ വിഹിതം വാങ്ങിക്കാമെങ്കിലും പലരും വരുന്നില്ല. കടകൾക്കാവശ്യമായ ഭക്ഷ്യധാന്യം കൊണ്ടുവരാൻ പറ്റാത്ത സ്ഥിതിയാകുന്നതോടെ സപ്ലൈകോ ഗോഡൗണുകളിലും സ്റ്റോക്ക് ക്രമീകരിക്കാൻ ബുദ്ധിമുട്ടും. എഫ്‌.സി.ഐ ഗോഡൗണുകളിൽ നിന്നുള്ള ചരക്കു നീക്കത്തിനും കാലതാമസം വരുത്തും.

ഇതുവരെ റേഷൻ

വാങ്ങിയത് 30%

''ഗോഡൗണുകളിൽ നിന്ന് അരിയെടുക്കാൻ താമസം വരുന്നതോടെ ചാക്കുകളിലെ അരിയുടെ ഗുണനിലവാരവും കുറയാൻ സാദ്ധ്യതയുണ്ട്. പ്രശ്‌നം ഒഴിവാക്കാൻ മാസം തുടങ്ങുമ്പോൾ തന്നെ ഭക്ഷ്യധാന്യ വിഹിതം വാങ്ങാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കണം''

ജില്ലാ സപ്ലൈ ഓഫീസർ

 വരുന്നു വിജിലൻസ് സമിതി

പൊതുവിതരണം കാര്യക്ഷമമാക്കാനും ഭക്ഷ്യധാന്യത്തിന്റെ ഗുണവിവരം ഉറപ്പാക്കാനും കളക്ടറുടെ അദ്ധ്യക്ഷതയിൽ വിജിലൻസ് സമിതിയും ആർ.ഡി.ഒയുടെ അദ്ധ്യക്ഷതയിൽ താലൂക്ക്തല വിജിലൻസ് സമിതിയും ഉടൻ രൂപീകരിക്കും. ജില്ലാ സപ്ലൈ ഓഫീസറാണ് കൺവീനർ. പാർലമെന്റ് അംഗങ്ങൾ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പൊലീസ്, അളവു തൂക്കം, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതു പ്രവർത്തകർ, എസ്.സി, എസ്.ടി പ്രതിനിധികളും ഉണ്ടാകും.

ലക്ഷ്യങ്ങൾ

കാര്യക്ഷമമായ റേഷൻ വിതരണം,​ഗുണനിലവാരം ഉറപ്പാക്കൽ

പൊതുവിതരണസംവിധാനത്തിലെ പരാതി പരിഗണിക്കൽ