പാലാ: 37-ാമത് പാലാ രൂപതാ ബൈബിൾ കൺവെൻഷൻ ഡിസം19 മുതൽ 23 വരെ സെന്റ് തോമസ് കോളേജ് മൈതാനത്ത് നടക്കും. കൺവെൻഷന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ബിഷപ്‌സ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. 19ന് രാവിലെ 10ന് മലങ്കര സഭാദ്ധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കതോലിക്ക ബാവ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. മാർ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ എന്നിവർ കൺവെൻഷൻ ദിവസങ്ങളിൽ ദിവ്യബലിയർപ്പിച്ച് സന്ദേശം നൽകും. മലങ്കര സഭയുടെ തിരുവനന്തപുരം മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ദാനിയേൽ പൂവണ്ണത്തിന്റെ നേതൃത്വത്തിലുള്ള സംഘം കൺവെൻഷൻ നയിക്കും. രാവിലെ 9 മുതൽ 3 വരെയും വൈകിട്ട് 4 മുതൽ 9 വരെയും രണ്ട് സമയങ്ങളിലായാണ് കൺവെൻഷൻ. പാലാ രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമാണിതെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പത്രസമ്മേളനത്തിൽ വികാരി ജനറാൾമാരായ മോൺ.ജോസഫ് കുഴിഞ്ഞാലിൽ, ജനറൽ കോ-ഓർഡിനേറ്റർ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, കൺവീനർമാരായ മോൺ. എബ്രാഹം കൊല്ലിത്താനത്ത്മല, മോൺ. ജോസഫ് മലേപറമ്പിൽ, ഫാ. ജോസ് നെല്ലിക്കതെരുവിൽ, ഫാ. ജോസ് കാക്കല്ലിൽ, ഫാ. ജോസഫ് വാട്ടപ്പള്ളിൽ, ഫാ. തോമസ് വാലുമ്മേൽ, ഫാ. വിൻസന്റ് മൂങ്ങാമാക്കൽ, ഫാ. കുര്യൻ മറ്റം, ഫാ. സ്‌കറിയ വേകത്താനം, ഫാ. സിറിൾ തയ്യിൽ, തോമസ് ആന്റണി, തങ്കച്ചൻ സ്രാമ്പിക്കൽ, ജോർജ്കുട്ടി ഞാവള്ളിൽ, ജിമ്മിച്ചൻ ഇടക്കര എന്നിവരും പങ്കെടുത്തു.