കോട്ടയം: പൗരത്വ ബില്ലിനെതിരെ വിവിധ സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിനെതിരെ കർശന നടപടിയെടുക്കുമെന്ന് പൊലീസ്. ഹർത്താലിന്റെ പ്രചാരണാർത്ഥം അനൗൺസ്‌മെന്റ് നടത്തിയ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. നിലവിൽ ഒരു സംഘടനയും ഹർത്താൽ നടത്തുന്നതായി പൊലീസിനെ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഹർത്താൽ നിയമ വിരുദ്ധമാണ് എന്ന നിലപാട് തന്നെയാണ് പൊലീസിന്. ആവശ്യപ്പെടുന്നവർക്ക് സംരക്ഷണം നൽകും.
ഹർത്താലിനെ പിന്തുണയ്‌ക്കുന്നില്ലെന്നും പൊലീസ് സംരക്ഷണം കിട്ടിയാൽ ബസ് ഒാടിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ അറിയിച്ചു.ബസ് സർവീസ് നടത്തുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ജീവനക്കാരോട് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം പൗരത്വബില്ലിനെതിരെ ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ ഹർത്താൽ നടത്തുമെന്ന് എസ്.ഡി.പി.ഐ പ്രസിഡന്റ് യു.നവാസ്, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു, ബി.എസ്.പി ജില്ലാ പ്രസിഡന്റ് വി.എസ് ഷാജൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.