വൈക്കം : ചെമ്മാനം കണ്ട് കുടിയിരുന്നു ഭഗവാൻ. അങ്ങനെ അത് ചെമ്മനത്ത് ക്ഷേത്രമായി. അനന്തരം അവിടം ചെമ്മനത്തുകരയായി. വൈക്കത്തിന്റെ ഉൾനാടൻ ഗ്രാമമായ ചെമ്മനത്തുകരയിലെ ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് 37-ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രമെത്തിക്കാൻ തീരുമാനിച്ച സംഘാടകർ ലക്ഷ്യമിട്ടത് അതിപുരാതനമായ ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെയും അതു വഴി ചെമ്മനത്തുകരയുടെയും പെരുമ പുറം ലോകത്തെത്തിക്കുക എന്നതുകൂടിയായിരുന്നു. അത് അക്ഷരാർത്ഥത്തിൽ തന്നെ യാഥാർത്ഥ്യമാവുകയാണ്. ഭാഗവത സത്രം നാല് നാൾ പിന്നിടുമ്പോഴേക്കും ചെമ്മനത്തുകരയിലേക്കുള്ള ഭക്തജനപ്രവാഹം അനുദിനം വർദ്ധിക്കുകയാണ്. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി, കോഴിക്കോട് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, സൂര്യകാലടി സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാട്, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, കാലടി വെണ്മണി കൃഷ്ണൻ നമ്പൂതിരി, ആദ്ധ്യാത്മിക രംഗത്തെ പ്രമുഖരടക്കം അൻപതിലധികം ആചാര്യന്മാർ ഈ ദിവസങ്ങളിൽ സത്രവേദിയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം. എൽ. എ. മാരായ കെ.സുരേഷ് കുറുപ്പ്, മോൻസ് ജോസഫ്, സി.കെ.ആശ, വി.പി.സജീന്ദ്രൻ, ഹൈക്കോടതി ജസ്റ്റീസ് എൻ.നഗരേഷ്, എസ്.എൻ.ട്രസ്റ്റ് ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ തുടങ്ങിയവരും വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനായും സന്ദർശകരായും സത്ര വേദിയിലെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം.പി.മാരായ ജോസ്.കെ.മാണി, തോമസ് ചാഴിക്കാടൻ, കൊടിക്കുന്നിൽ സുരേഷ്, വി.ഡി.സതീശൻ, എം എൽ എ, കുമ്മനം രാജശേഖരൻ തുടങ്ങി നിരവധി പ്രമുഖർ അടുത്ത ദിവസങ്ങളിൽ സത്രവേദിയിലെത്തും. ഭാഗവത സത്രം ഓരോദിവസം പിന്നിടുംതോറും ചെമ്മനത്തുകരയിലേക്ക് ഭക്തജന പ്രവാഹമാണ്. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം കെ. എസ്. ആർ. ടി. സി. യും സ്വകാര്യ ബസുകളും പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. സത്രത്തിൽ പങ്കെടുക്കുന്ന മുഴുവൻ ഭക്തജനങ്ങൾക്കും നാല് നേരവും സത്ര നിർവഹണ സമിതി ഭക്ഷണം നൽകുന്നുണ്ട്. സത്രത്തിന്റെ പ്രസാദമായി കരുതപ്പെടുന്ന അന്നദാനത്തിനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.