ചെറുകിട പഴം പച്ചക്കറി കർഷകർക്ക് കിട്ടാനുള്ളത് 97 ലക്ഷം

അടിമാലി: കാർഷിക നഷ്ടം ഉണ്ടായവർക്കുള്ള ആശ്വാസധനം ഇനിയും വിതരണം ചെയ്തില്ല. ജില്ലയിലെ ചെറുകിട പഴം പച്ചക്കറി കർഷകർക്ക് കഴിഞ്ഞ പ്രളയകാലത്ത് ഉണ്ടായ കാർഷിക നഷ്ടം സംഭവിച്ചവർക്കായി അനുവദിച്ച 97 ലക്ഷം രുപയാണ് ഇനിയും വിതരണം ചെയ്യാത്തത്. ഒരുവർഷത്തിലേറെക്കാലമായിട്ടും വിതരണം നടക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ വി.എഫ്.പി.സി.കെ(വെജിറ്റബിൾ ആന്റ് ഫ്രൂട്സ് പ്രൊമോഷൻ കൗൺസിൽ കേരള )അടിമാലി ഓഫീസിന് പടിക്കൽ ധർണ്ണ നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.
ചെറുകിട പഴം പച്ചക്കറി കർഷക ഫെഡറേഷന്റെ നേതൃത്വത്തിൽ 20 ന് രാവിലെ 10.30 നാണ് ധർണ്ണ നടത്തുന്നതെന്ന് പത്രസമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ ഒന്നാം പ്രളയകാലത്ത്കൃഷി ദേഹണ്ഡങ്ങളും ഭൂമിയും നഷ്ടപ്പെട്ട കർഷകർക്ക് വി.എഫ്.പി.സി.കെ.യുടെ മേൽനോട്ടത്തിൽ എസ്.എച്ച്.എം പദ്ധതിയിൽപ്പെടുത്തി 97 ലക്ഷം രുപ അനുവദിക്കുകയുണ്ടായി. വിതരണം ചെയ്യെണ്ട ഗുണഭോക്താക്കളുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ഒരു വർഷമായി തുക കർഷകർക്ക് ലഭിച്ചിട്ടില്ല. വി.എഫ് പി.സി.കെ ജില്ലാ മാനേജരുടെ വീഴ്ച മൂലമാണ് അനുവദിച്ച തുക വിതരണം ചെയ്യാൻ കഴിയാത്തതെന്ന് കർഷകർ പറയുന്നു.
ഇടുക്കി ജില്ലയിലെ 19 സ്വശ്രയ കർഷക വിപണിയിലൂടെ സ്റ്റേറ്റ് ഹോർട്ടി കോർപ്പ് മിഷന്റെ സംസ്ഥാനത്തെ വിവിധ സ്റ്റാളുകളിൽ സാധനങ്ങൾ കൊടുത്ത ഇനത്തിൽ ഒരു കോടിയിൽപരം രൂപ കർഷകർക്ക് ലഭിക്കാനുണ്ട്. എന്നാൽ ഈ തുകയും വാങ്ങി കൊടുക്കുന്നതിൽ വി.എഫ്.പി.സി.കെഅധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കർഷകർക്ക് ഉത്പന്നങ്ങളുടെ വില കൊടുക്കാൻ കഴിയാത്തതിനാൽ വിപണികളും പ്രതിസന്ധിയിലാണ്. എന്നാൽ മറ്റ് ജില്ലകളിൽ ഇത്തരത്തിൽ അനുവദിച്ച തുക വിതരണം ചെയ്തിട്ടുണ്ട് എന്നതാണ് വിചിത്രം. ഏറ്റവുമധികം ദുരിതം അനുഭവിച്ചത് ഇടുക്കിയിലുള്ളവരാണ് എന്നിരിക്കെയാണ് കടുത്ത അവഗണന കർഷകർ നേരിടുന്നത്.പത്രസമ്മേളനത്തിൽ ചെറുകിട പഴം പച്ചക്കറി കർഷക ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ടോമി തെങ്ങും പിള്ളിൽ ,വൈ.സി സ്റ്റീഫൻ ,പി.ജെ എബ്രഹാം, ബേബി ചെറുപുഷ്പം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

"കർഷകർക്ക് ആദ്യ പ്രളയത്തിൽ നഷ്ടപ്പെടുപോയ വിളകൾക്കും ,ഭൂമിക്കും അനുവദിച്ച 97 ലക്ഷം രൂപ വിതരണം നടത്തുന്നതിനാവശ്യമായ മുഴുവൻ രേഖകളും യഥാസമയം സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. ട്രഷറി നിയന്ത്രണം മൂലമാണ് തുക കർഷകർക്ക് ലഭിക്കാത്തത്.
ഒരു കോടിയിൽ പരംരൂപ വിപണികൾക്ക് ലഭിക്കാനുണ്ട് എന്നു പറയുന്നത് അടിസ്ഥാന രഹിതമാണ്.
ജില്ലയിലെ ഭൂരിപക്ഷം വിപണികൾക്കും യാതൊരു ആക്ഷേപവും ഇല്ല .

വി.ബിന്ദു

വി .എഫ് .പി .സി .കെ

ജില്ലാ മാനേജർ