ഈരാറ്റുപേട്ട: കുടുംബശ്രീ മിഷൻ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന കാർഷിക കാമ്പയിനായ സമൃദ്ധി പദ്ധതിയുടെ ഭാഗമായി തലനാട് ഗ്രാമപഞ്ചായത്തിൽ
വിളവെടുപ്പ് ഉത്സവം നടന്നു. കട്ടിക്കളം ആലുപ്ലാവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ബാബു ഉദ്ഘാടനം ചെയ്തു. വിളവെടുപ്പ് ഉത്സവത്തിൽ വാർഡ് മെമ്പർ ജോണി ആലാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ്.ചെയർപേഴ്‌സൺ ഉഷാ രാജൻ സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ.കെ വിനോജ്, സതി വിജയൻ, ഷീജാ സുബൈർ, വി.കെ മനോജ്, മേരിക്കുട്ടി ആൻഡ്രൂസ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബിനോയ് കെ ജോസഫ്, ബ്ലോക്ക് കോ-ഓർഡിനേറ്റർ ഷാഫിന അഷറഫ്, കൃഷി ഓഫീസർ വി.എം. ഫരീദുദ്ദീൻ, ക്ലസ്റ്റർ ലെവൽ കോ-ഓർഡിനേറ്റർ മരിയ ജോസ്, തൊഴിലുറപ്പ് പദ്ധതി ഓവർസീയർ പി.എസ്. ശ്രീജിത്ത് പങ്കെടുത്തു.
കവിത, പ്രിയദർശിനി എന്നീ സംഘകൃഷി ഗ്രൂപ്പുകൾ തരിശായി കിടന്ന ആറ് ഏക്കർ സ്ഥലത്ത് കപ്പയും, ഏത്തവാഴയുമാണ് കൃഷി ചെയ്തത്. രാമൻ, കിന്റൽ, കോട്ടയം ചുള്ളി, കട്ടപ്പാറ എന്നിങ്ങനെ വ്യത്യസ്ഥ ഇനങ്ങളിലുള്ള കപ്പയും ഏത്ത വാഴയുമാണ് വിളവെടുത്തത്. ഇവയെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റി മികച്ച വിപണി കണ്ടെത്താൻ ഒരുങ്ങുകയാണ് കൃഷി ഗ്രൂപ്പംഗങ്ങളായ ആൻസി വർഗീസ്, ഷൈനി ജോയി, സിനി റെജി, രാധാമണിയമ്മ എന്നിവർ.