എലിക്കുളം: കാർഷിക ഉത്പന്നങ്ങളുടെ വില ഇടിവിന് ബദൽ മാർഗം തേടിയ ഫെയ്‌സ് കാർഷിക കൂട്ടായ്മ വിജയത്തിന്റെ മറ്റൊരു ഘട്ടത്തിൽ. പ്രതിസന്ധിയിലായിരുന്ന കർഷകർക്ക് ഫെയ്‌സിന്റെ നേതൃത്വത്തിൽ വിതരണം ചെയ്ത പോത്തിൻ കുട്ടികളെ വളർച്ച എത്തിയപ്പോൾ വിൽക്കാനുള്ള വേദി കൂടി ഒരുങ്ങിയിരിക്കുകയാണ്.എല്ലാ ചൊവ്വാഴ്ചകളിലും നടക്കുന്ന കുരാലി നാട്ടു ചന്തയാണ് ഇനി മുതൽ പോത്ത് ചന്ത കൂടിയായി മാറുന്നത്. വളർച്ച എത്തിയ പോത്തുകളെ നാട്ടു ചന്തയിൽ ലേലം ചെയ്യും. കർഷകർക്ക് അവരുടെ ആദായം ഇടനിലക്കാരില്ലാതെ നേരിട്ട് കൈപ്പറ്റാനുള്ള വേദിയാണ് കൂരാലി നാട്ടു ചന്ത. കൂരാലി സ്വാശ്രയ കാർഷിക സമിതിയുടെ ആഭിമുഖ്യത്തിൽ,കാർഷിക വികസന കർഷക ക്ഷേമവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ഹരിത കേരളമിഷൻ, ഫെയ്‌സ്, ഇളങ്ങുളം സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ എല്ലാ ചൊവ്വാഴ്ചകളിലും നടക്കുന്ന നാട്ടു ചന്തയുടെ പ്രവർത്തനം മൂന്നാം വാരത്തിലേയ്ക്ക് കടക്കുകയാണ്. ഈ അവസരത്തിലാണ് പോത്ത് ചന്തയും നടക്കുന്നത്. ഇന്ന് നടക്കുന്ന നാട്ടുചന്തയിൽ എത്തുന്ന പോത്തുകളുടെ ലേലം മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.കെ എം ദിലീപ് ഉദ്ഘാടനം ചെയ്യും. ഹരിത കേരളമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ രമേശ് മുഖ്യപ്രഭാഷണം നടത്തം. പതിവ് കാർഷിക ഉത്പന്നങ്ങൾക്ക് പുറമേ പോത്തുകൾ, മുട്ടനാടുകൾ, മുയൽ, കോഴി, താറാവ് എന്നിവയും നാട്ടുചന്തയിൽ എത്തുന്നതോടെ ഇതൊരു ക്രിസ്മസ്-ന്യൂ ഇയർ സ്‌പെഷ്യൽ ലേലചന്തയായി മാറും.