പൂഞ്ഞാർ : പൂഞ്ഞാർ മങ്കുഴി ആകല്പാന്ത പ്രശോഭിനി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന സർപ്പ ബലി സമയത്ത് ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നത് ചടങ്ങിനെ ഭക്തി സാന്ദ്രമാക്കി. ചടങ്ങുകൾ പൂർണതയിലേക്കെത്തിക്കൊണ്ടിരുന്ന സമയത്താണ് ക്ഷേത്രത്തിനു തൊട്ടടുത്തു മുകളിലൂടെ പരുന്ത് വട്ടമിട്ടു പറന്നത്. നൂറുകണക്കിന് ഭക്തജനങ്ങളുടെ കണ്ഠങ്ങളിൽ നിന്ന് ഭക്തി പാരവശ്യത്താൽ ആർപ്പുവിളിയും കുരവയുമുയർന്നു. ചടങ്ങുകൾക്ക് ബാബു നാരായണൻ തന്ത്രികൾ മുഖ്യകാർമ്മികത്വം വഹിച്ചു. മേൽശാന്തി അജേഷ് പൂഞ്ഞാർ, തങ്കച്ചൻ ശാന്തി, മുരളി ശാന്തി, റെനീഷ് ശാന്തി, ശ്രീക്കുട്ടൻ ശാന്തി, കണ്ണൻ തുടങ്ങിയവർ സഹ കാർമ്മികത്വം വഹിച്ചു. നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സുബ്രഹ്മണ്യ സ്വാമിയുടെയും മഹാദേവന്റെയും തുല്യ പ്രാധാന്യമുള്ള ശ്രീകോവിലുകളുടേയും നമസ്‌ക്കാര മണ്ഡപങ്ങളുടെയും മുകൾഭാഗം ചെമ്പ് പാളി മേയുന്നതിന്റെ ചടങ്ങും നടന്നു. ചടങ്ങുകൾക്കു പ്രസിഡന്റ് എം.ആർ. ഉല്ലാസ് മതിയത്ത്, സെക്രട്ടറി വിനു വേലംപറമ്പിൽ എന്നിവർ നേതൃത്വം നൽകി.