kumarakam

കോട്ടയം : കുമരകം ടൂറിസം കേന്ദ്രത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി അയ്മനം പഞ്ചായത്തിന്റെ പുത്തൻ പദ്ധതികൾക്ക് ഇന്ന് കവണാറ്റിൻകരയിൽ തുടക്കം കുറിക്കും. ഉത്തരവാദിത്വ ടൂറിസം മിഷന്റെയും ടൂറിസം വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പദ്ധതികൾ നടക്കുന്നത്. കവണാറ്റിൻകരയിൽ വേമ്പനാട്ട് കായലിൽ ഏക്കറുകണക്കിന് പ്രദേശത്ത് വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂന്തോട്ടം കണ്ട് ബോട്ട് യാത്ര ആസ്വദിക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സഞ്ചരിക്കുന്ന ശൗചാലയം, ഉത്തരവാദിത്വ ടൂറിസം മിഷൻ തയ്യാറാക്കിയ വില്ലേജ് ലൈഫ് എക്‌സ്പീരിയൻസ് പാക്കേജിന്റെ പ്രമോഷണൽ വീഡിയോയുടെ പ്രകാശനം എന്നിവ ആമ്പൽ വസന്തോത്സവത്തിന്റെ ഭാഗമായി നടക്കും. അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വസന്തോത്സവം ഉദ്ഘാടനം ചെയ്യും. വി.എൻ. വാസവൻ, അയ്മനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചൻ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എൻ. അരുൺകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജയേഷ് മോഹൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോ-ഓർഡിനേറ്റർ രൂപേഷ് കുമാർ, ജില്ലാ കോ-ഓർഡിനേറ്റർ ഭഗത് സിംഗ്. വി.എസ് , ഡി.ടി.പി.സി സെക്രട്ടറി ബിന്ദു നായർ, കുമരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.പി. സലിമോൻ, ഹൗസ് ബോട്ട് ഓണേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ, അയ്മനം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും