പനച്ചിക്കാട്: പരുത്തുംപാറ ഗവ.എൽ.പി സ്‌കൂളിൽ മോഷണ ശ്രമം. സ്‌കൂളിന്റെ ഓഫീസ് മുറിയുടെ വാതിൽ തല്ലിത്തകർത്ത് അകത്തു കയറിയ മോഷ്‌ടാക്കൾ ഓഫീസിനുള്ളിലെ ഇരുമ്പ് അലമാരകൾ തല്ലിത്തകർത്തു. അലമാരയ്‌ക്കുള്ളിൽ സൂക്ഷിച്ചിരുന്ന രജിസ്റ്ററുകളും മറ്റു സാധനങ്ങളും വലിച്ചിടുകയും, നശിപ്പിക്കുകയും ചെയ്‌തു. ഓഫീസിനുള്ളിലുണ്ടായിരുന്ന പണവും, ലാപ്‌ടോപ്പും, എൽ.സി.ഡി പ്രോജക്‌ടറും അടക്കമുള്ളവ മോഷ്‌ടാക്കൾ കൊണ്ടു പോയില്ല. പതിനായിരം രൂപയുടെയെങ്കിലും നഷ്‌ടമുണ്ടായതായാണ് കണക്കാക്കുന്നത്. ഇന്നലെ രാവിലെ സ്‌കൂൾ തുറക്കാനെത്തിയ അറ്റൻഡറാണ് സ്‌കൂളിൽ മോഷ്ടാക്കൾ കയറിയ വിവരം ആദ്യം അറിഞ്ഞത്. തുടർന്ന് വിവരം പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ചിങ്ങവനം പൊലീസ് എത്തി കേസ് രജിസ്റ്റർ ചെയ്‌തു.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പരുത്തുംപാറ കവലയിലെ കണ്ണൻ പാത്രക്കടയുടെ ജനൽ ഇളക്കിമാറ്റി അകത്തു കടന്ന മോഷ്‌ടാക്കൾ രണ്ടായിരം രൂപ കവർന്നത്. ഒരു മാസം മുൻപ് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെ എതിർവശത്തുള്ള അമേഘ ട്രെഡേഴ്‌സിന്റെ താഴ് അറത്തുമുറിച്ച് മോഷണം നടത്താൻ ശ്രമം നടന്നിരുന്നു.