വൈക്കം: അറിവിനെ ബ്രഹ്മമായി കണ്ട പൈതൃകമാണ് ഭാരതത്തിന്റേതെന്നും അറിവ് ഈശ്വരനാണെന്ന് ഉപനിഷത്തുക്കൾ നമ്മെ പഠിപ്പിക്കുന്നുവെന്നും കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐഎഎസ് പറഞ്ഞു. ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന 37ാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്ര വേദിയിൽ ഇന്നലെ വൈകിട്ട് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രഹ്മത്തെ അറിയുന്ന അനുഭവമാണ് വിദ്യ. പഠിക്കുക, പഠിപ്പിക്കുക, മനുഷ്യനായിത്തീരുക എന്ന് ഉപനിഷത്ത് പറയുന്നു. സകല ചരാചരങ്ങൾക്കും മുകളിൽ തെളിയുന്ന ജ്യോതിസ് മനുഷ്യ മനസ്സിൽ തെളിയുന്നു. അതാണ് ഈശ്വരൻ. അറിവാണ് ആ ജ്യോതിസ്. അതിനാലാണ് അറിവ് സ്വാംശീകരിക്കുന്നവൻ ബ്രഹ്മത്തെ അറിയുന്നു എന്ന് പറയുന്നത്. ബ്രഹ്മം ഈശ്വരനാണ്. എല്ലാ മനുഷ്യരിലും ഇത്തരത്തിൽ ഒരു വിളക്കെരിയുന്നു എന്ന് ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശക ശതകത്തിൽ പറയുന്നു. ഗുരുവിന്റെ ദർശനങ്ങളിൽ ഉപനിഷത്തുകളുടെ സ്വാധീനം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.