ചങ്ങനാശേരി: മത സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി 25,26നുമായി നടക്കുന്ന മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ചങ്ങനാശേരി പൂതൂർപ്പള്ളി ചന്ദനക്കുട ദേശീയ ആഘോഷത്തിന് കൊടിയേറി. ഇന്നലെ വൈകിട്ട് 5.30ന് പുതൂർപ്പള്ളി മുസ്‌ലീം ജമാഅത്ത് പ്രസിഡന്റ് പി.എസ്.പി റഹീം കൊടിയേറ്റ് നിർവഹിച്ചു. 25ന് വൈകിട്ട് നാലിന് പുതൂർപളളി അങ്കണത്തിൽ 218-ാമത് ചന്ദനക്കുട ദേശീയാഘോഷം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്യും. പുതൂർ പള്ളി മുസ്ലീം ജമാ അത്ത് പ്രസിഡന്റ് പി. എസ്. പി.റഹീം അദ്ധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന മാനവമൈത്രിസംഗമം സി.എഫ് തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മ ചൈതന്യ മാനവമൈത്രി സന്ദേശവും നൽകും. ചന്ദനക്കുടഘോഷയാത്ര എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം ഹരികുമാർ കോയിക്കൽ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണം നടത്തും.