കോട്ടയം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിലെ തൊഴിലാളികൾക്ക് അഞ്ചുമാസമായി വേതനമില്ല. യായതോടെ പ്രതിഷേധവുമായി തൊഴിലാളികൾ. തൊഴിലാളികളുടെ എണ്ണവും കുറഞ്ഞു.
ജോലി ചെയ്താൽ രണ്ടാഴ്ചയ്ക്കകം കൂലി നൽകണമെന്ന നിബന്ധന ഉള്ളപ്പോഴാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്. കുടിശിക എന്നു കൊടുക്കുമെന്ന് പറയാനാവാത്ത അവസ്ഥയിലാണ് തദ്ദേശസ്ഥാപന അധികൃതർ. ജൂലായ് 27 വരെയുള്ള കൂലിയാണ് ഇതുവരെ നൽകിയത്. ശേഷം ഒരു രൂപപോലും തൊഴിലാളികളുടെ അക്കൗണ്ടിലെത്തിയിട്ടില്ല. മറ്റ് ജില്ലകളിലും സമാനമായ അവസ്ഥയാണ്. കേന്ദ്രം ഫണ്ട് അനുവദിക്കുന്ന മുറയ്‌ക്കേ കുടിശിക നൽകാനാവൂ. തൊഴിലുറപ്പിനെ ആശ്രയിച്ച് മുന്നോട്ടുപോവുന്ന കുടുംബങ്ങളാണ് ഇതോടെ വെട്ടിലായത്.
ഭൂരിഭാഗവും സ്ത്രീകൾ
ജില്ലയിൽ 58,617 കുടുംബങ്ങളിലായി 23.58 ലക്ഷം തൊഴിലാളികളുണ്ട്. 18 ലക്ഷം പേരും സ്ത്രീകളാണ്. 3205 കുടുംബങ്ങൾ ഡിസംബറിൽ തന്നെ നൂറു ദിനങ്ങൾ പൂർത്തിയാക്കി. സാധാരണ ഗതിയിൽ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭിക്കാറുള്ളത്. 39.04 ലക്ഷം തൊഴിൽ ദിനങ്ങളാണ് ലേബർ ബഡ്ജറ്റിൽ നിശ്ചയിച്ചത്. ഇവയിൽ 90 ശതമാനവും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്. 271 രൂപയാണ് ദിവസക്കൂലി. പ്രളയ പശ്ചാത്തലത്തിൽ ജില്ലയിൽ 100 ദിനങ്ങളെന്നത് 150 ദിനങ്ങളായി വർദ്ധിപ്പിക്കാനും സാദ്ധ്യതയുണ്ട്.
കുടിശിക ₹44.85 കോടി
100 ദിനങ്ങൾ
പൂർത്തിയാവർ 3205 പേർ
''നേരത്തെയും കൂലി കുടിശിക ആയിരുന്നെങ്കിലും ഇത്രത്തോളം നീണ്ടിരുന്നില്ല. തൊഴിൽ ദിനങ്ങൾ 250 ആയും കൂലി 600 രൂപയാക്കിയും ഉയർത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം''
കെ.കെ.ശാന്തമ്മ, തൊഴിലാളി
കുടിശികയിനത്തിൽ കോടികൾ, വെട്ടിലായത് ആയിരങ്ങൾ
കേന്ദ്രഫണ്ട് ലഭിച്ചില്ലെന്ന് വിശദീകരണം, പകരം സംവിധാനമില്ല
കൂലികുടിശിക മൂലം തൊഴിൽ ഉപേക്ഷിക്കുന്നവരും ഏറെ