കോട്ടയം: സമ്പൂർണ പ്ളാസ്റ്റിക് നിരോധനത്തിന് ഇനി പത്ത് ദിവസം പോലും ശേഷിക്കുന്നില്ല. നഗരസഭകളുടെ മുന്നൊരുക്കങ്ങൾ എവിടെയെത്തി? കോട്ടയം, ഏറ്റുമാനൂർ, പാലാ, ചങ്ങനാശേരി, വൈക്കം നഗരസഭകൾ വിപുലമായ ഒരുക്കമാണ് നടത്തുന്നത്. എന്നാൽ
നിരോധിക്കുന്ന ഉത്പന്നങ്ങൾക്ക് പകരമെന്തെന്ന കാര്യത്തിൽ വ്യക്തതയില്ല.
കോട്ടയം
പ്ളാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് ഉടൻ . ഹരിതസേന വീടുകളിൽ നിന്ന് പ്ളാസ്റ്റിക് ശേഖരിക്കുന്നുണ്ട്. 150 രൂപ കൊടുത്താൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പ്ളാസ്റ്റിക് ശേഖരിക്കും. 30 മൈക്രോണിന് മുകളിലുള്ള പ്ളാസ്റ്റിക് സാധനങ്ങൾ വിൽക്കുന്ന കടകൾക്കെതിരെ കർശന നടപടി സ്വീകരിക്കും.
പാലായിൽ
ഒരു ലക്ഷം രൂപ മുടക്കി പ്ളാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് തുടങ്ങി. മുഴുവൻ വാർഡിലും ഹരിത സേനാംഗങ്ങൾ വഴി ശേഖരിക്കുന്ന പ്ളാസ്റ്റിക് പൊടിച്ച് റോഡ് ടാർ ചെയ്യാൻ ഉപയോഗിക്കുന്നതാണ് പദ്ധതി. ഒപ്പം നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ക്വാഡുകൾ എല്ലാ ദിവസവും പരിശോധന നടത്തും.
ചങ്ങനാശേരി
ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിൽ നിന്നും എല്ലാ ആഴ്ചയിലും പ്ലാസ്റ്റിക് ശേഖരണം നടക്കുന്നു. ഫ്‌ളെക്‌സ് ബോർഡുകൾ പൂർണ്ണമായും നീക്കം ചെയ്യും. ഉത്സവസീസൺ ആയതിനാൽ, റോഡരികുകളിൽ മാലിന്യം നിക്ഷേപിക്കുന്നതിന് ഓലകൊണ്ടുള്ള വല്ലം സ്ഥാപിച്ചിട്ടുണ്ട്.
ഒരു ദിവസത്തെ വിനിമയം
4 ലക്ഷം കാരിബാഗ്
500 മുതൽ 1000 വരെ പ്ലാസ്റ്റിക് കാരിബാഗുകളിൽ സാധനങ്ങൾ വിൽക്കുന്ന വ്യാപാരികളുണ്ട്. ഒരു മാസം ചെറുകിട കച്ചവടക്കാർ 50000 രൂപയുടെ വരെ പ്ലാസ്റ്റിക് കിറ്റുകൾ കൈകാര്യം ചെയ്യുന്നുണ്ട്.
നിരോധനം ലംഘിച്ചാൽ
ആദ്യതവണ 10,000 രൂപ പിഴ
രണ്ടാംതവണ 25,000 രൂപ
വീണ്ടും ലംഘിച്ചാൽ 50,000 രൂപ.