കോട്ടയം: ഉത്പാദനം നിലച്ചു. വരുമാനം ഇല്ലാതായതോടെ തൊഴിലാളികൾ പട്ടിണിയിലായി. പൂട്ടലിലെത്തിയ നാട്ടകം ട്രാവൻകൂർ സിമന്റ്സിനെ ആര് രക്ഷിക്കുമെന്നതാണ് ചോദ്യം. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ കാര്യത്തിലെന്ന പോലെ സംസ്ഥാന സർക്കാർ നാട്ടകം സിമന്റ്സിന്റെ കാര്യത്തിലും ഇടപെടണമെന്നാണ് മുന്നൂറോളം വരുന്ന തൊഴിലാളികളുടെ ആവശ്യം.
കോടികളുടെ നഷ്ടത്തിലായ കമ്പനി ഈജിപ്തിൽ നിന്ന് ക്ളിന്റർ ഇറക്കുമതി ചെയ്യുന്നത് കൊണ്ട് അൽപ്പം സിമന്റും വാൾപുട്ടിയും ഉത്പാദിപ്പിച്ചു പ്രവർത്തിക്കുന്നുവെന്നു മാത്രം . നഷ്ടം കുമിഞ്ഞുകൂടിയതോടെ ചെയർമാൻ സ്ഥാനം ആർക്കും വേണ്ടാതായി. മുഴുവൻ സമയ എം.ഡിയുമില്ലാതായി. കമ്പനി പിന്നെങ്ങനെ പ്രവർത്തിക്കുമെന്ന ചോദ്യത്തിന് ബന്ധപ്പെട്ടവർക്കാർക്കും ഉത്തരമില്ല.
വെള്ള സിമന്റ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുവായ കക്ക പെരുമ്പളം ദ്വീപിനു സമീപത്ത് നിന്ന് ശേഖരിക്കുന്നതിനുള്ള ലീസ് പുതുക്കുന്നതിന് മാനേജ്മെന്റ് നടപടി സ്വീകരിക്കാതിരുന്നതാണ് ഫാക്ടറി പ്രവർത്തനം സ്തംഭനത്തിലാക്കിയതെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആരോപണം .
കക്ക ശേഖരണം നിലച്ചതോടെ മൂന്നു കോടി രൂപ വിലയുള്ള ഡ്രഡ്ജർ ഉൾപ്പെടെയുള്ള യന്ത്രസാമഗ്രികൾ തുരുമ്പെടുത്തു. കമ്പനിയുടെ വൈവിദ്ധ്യവത്കരണത്തിന് സർക്കാർ അനുവദിച്ച വിഹിതം ശമ്പള കുടിശികയ്ക്ക് വക മാറ്റിയതോടെ പ്രവർത്തനം ഏതാണ്ട് നിലച്ചു.
1946ലാണ് നാട്ടകത്ത് ഫാക്ടറി ആരംഭിക്കുന്നത്. 1947ൽ വെള്ള സിമന്റ് ഉല്പാദനം തുടങ്ങിയതോടെ ലാഭത്തിലായി. വേമ്പനാട്ടുകായലിൽ കക്കയുടെ ലഭ്യത കുറയുകയും ഡ്രഡ്ജിംഗിനെതിരെ മത്സ്യതൊഴിലാളികൾ രംഗത്തുവരുകയും ചെയ്തതോടെ പ്രശ്നം രൂക്ഷമായി. പ്രായോഗിക തലത്തിൽ ഇതു മറികടക്കാനുള്ള ശ്രമം നടന്നില്ല.
തുടങ്ങിയത് 1946ൽ
സംസ്ഥാന സർക്കാർ ഇടപെടണം
മാനേജ് മെന്റിന്റെ കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. കമ്പനിക്ക് സ്വന്തമായുള്ള നാട്ടകത്തെ 56 ഏക്കറും വൈക്കത്തെ രണ്ടര ഏക്കറും വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല . പൊതുമേഖലയിലുള്ള വെള്ളൂർ ന്യൂസ് പ്രിന്റിനെ നിലനിറുത്താൻ നടത്തിയതുപോലുള്ള ഇടപെടൽ സിമന്റ്സിന്റെ കാര്യത്തിലും സംസ്ഥാന സർക്കാരിൽ നിന്ന് ഉണ്ടാവണം. വികസനത്തിന് പാക്കേജ് പ്രഖ്യാപിക്കണം. വൈവിദ്ധ്യവത്ക്കരണം അടിയന്തരമായി നടപ്പാക്കണം.
അഡ്വ.വി.ബി.ബിനു
(ട്രാവൻകൂർ സിമന്റ്സ് വർക്കേഴ്സ് യൂണിയൻ ജറൽ സെക്രട്ടറി)
ഗ്രേ സിമന്റ് യൂണിറ്റിനുള്ള അനുമതി നൽകിയില്ല
10 കോടി യുടെ വാഗ്ദാനം ഇടതുസർക്കാർ പാലിച്ചില്ല
ശമ്പളക്കുടിശികയും ആനുകൂല്യങ്ങളും നൽകുന്നില്ല
.